വീടു കുത്തി തുറന്ന് ഒമ്പത് ലക്ഷത്തിൻ്റെ സ്വർണ്ണാഭരണങ്ങൾ കവർന്നു

പയ്യന്നൂർ: പൂട്ടിയിട്ട വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തിതുറന്ന് ഒമ്പത് ലക്ഷത്തോളം രൂപ വില വരുന്ന സ്വർണ്ണാഭരണങ്ങൾ കവർന്നു. പയ്യന്നൂർ കണ്ടങ്കാളി കുറുങ്കടവ് റോഡിൽ താമസിക്കുന്ന പി. മധുസൂദനൻ്റെ (73) വീട്ടിലാണ് കവർച്ച നടന്നത്. മുൻ വശത്തെവാതിൻ്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് തുണിയുടെ കൂടെ സൂക്ഷിച്ചതായ ഒന്നര പവൻ്റെ അമേരിക്കൻ ഡയമണ്ട് പിടിപ്പിച്ച ഒരുനെ ക്ലൈസ്, ഒന്നരപവൻ തൂക്കം വരുന്ന ബ്രേസ് ലെറ്റ്, അരപവൻ തൂക്കം വരുന്ന രണ്ട് ഇയർ സ്റ്റഡ്, ഒരു പവൻ തൂക്കം വരുന്ന രണ്ട് ജിമിക്കി കമ്മൽ, ആറ് ഗ്രാം തൂക്കം വരുന്ന വെഡിംഗ് റിങ്ങ്, ഓരോ പവൻ വീതം തൂക്കം വരുന്ന മൂന്ന് മോതിരം എന്നിവ ഉൾപ്പെടെ എട്ടേകാൽ പവനോളം തൂക്കം വരുന്ന ഒമ്പത് ലക്ഷത്തോളം രൂപയുടെ ആഭരണങ്ങൾ കവർച്ച ചെയ്തു കൊണ്ടുപോയി. ഇക്കഴിഞ്ഞ മാർച്ച് 13 ന് രാവിലെ 6മണിയോടെ വീടു പൂട്ടി വീട്ടുകാർ മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സാർത്ഥം പോയതായിരുന്നു വ്യാഴാഴ്ച നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു പരാതിയിൽ കേസെടുത്ത പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു ഫോറൻസിക് വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടു ദിവസം മുമ്പ് തൊട്ടടുത്ത കാർപെൻ്റർ തൊഴിലാളി വേണുവിൻ്റെ വീട്ടിലും മോഷണം നടന്നിരുന്നു. വേണു രണ്ടാം തീയതി രാത്രി 9.30 മണിയോടെ വീടു പൂട്ടി മാവിച്ചേരിയിലെ മകളുടെ വീട്ടിലേക്കു പോയതായിരുന്നു രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ കുത്തി തുറന്ന നിലയിൽ കണ്ടത്. അകത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ച ഒരു ജോഡി സ്വർണ്ണ കമ്മൽ മോഷണം പോയിരുന്നു.







