പന്നി ഫാമിൽ പ്ലാസ്റ്റിക് മാലിന്യ കൂമ്പാരം; എൻഫോഴ്സ്മെൻ്റ് സ്ക്വാഡിന്റെ മിന്നൽ പരിശോധനയിൽ കാൽ ലക്ഷം രൂപ പിഴ

അയ്യൻകുന്ന്: പരിസ്ഥിതി ദിനത്തിൻ്റെ തലേ ദിവസം തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് അയ്യൻകുന്ന് പഞ്ചായത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ പ്ലാസ്റ്റിക് മാലിന്യ നിക്ഷേപം കണ്ടെത്തിയ പന്നി ഫാമിന് കാൽ ലക്ഷം രൂപ പിഴ ചുമത്തി. അയ്യൻകുന്ന് മൊടയരഞ്ഞിയിലെ എ.ജെ പിഗ് ഫാമിനാണ് പഞ്ചായത്തീ രാജ് ആക്ടിലെ വിവിധ വകുപ്പുകൾ അനുസരിച്ച് 25,000 രൂപ പിഴ ചുമത്തിയത്.
പന്നി ഫാമിനു ചുറ്റും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ കൂട്ടിയിട്ട നിലയിലായിരുന്നു. സ്ഥാപനത്തിൻ്റെ തൊട്ടു മുകളിലായുള്ള കുന്നിൽ ജെസിബി കൊണ്ട് ചാലെടുത്ത് മാലിന്യങ്ങൾ കുഴിച്ചുമൂടിയതായും സ്ക്വാഡ് കണ്ടെത്തി. പുതുതായി നിർമ്മിച്ച മറ്റൊരു കുഴിയിൽ ഭക്ഷണമാലിന്യങ്ങളും അജൈവമാലിന്യങ്ങളും തള്ളി ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. കോഴിക്കോട് ജില്ലയിലെ വടകര ഭാഗത്തുള്ള ഓഡിറ്റോറിയങ്ങളിലെയും ഹോട്ടലുകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ ലൈസൻസ് പോലുമില്ലാത്ത പന്നി ഫാമിന്റെ മറവിൽ ഫീസ് ഈടാക്കി ഇവിടെ ശേഖരിച്ച് കൊണ്ടുവരുന്നതായും സ്‌ക്വാഡ് അന്വേഷണത്തിൽ കണ്ടെത്തി. പരിശോധനാ വേളയിൽ ഫാമിൽ വളരെ കുറച്ച് പന്നികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മാലിന്യങ്ങൾ തരംതിരിച്ച് അംഗീകൃത ഏജൻസികൾക്ക് കൈമാറാതിരിക്കുക (219 എ.സി), മാലിന്യങ്ങൾ വലിച്ചെറിയുക (219 എൻ), സ്ഥാപനവും പരിസരവും വൃത്തിഹീനമായ രീതിയിൽ സൂക്ഷിക്കുക (219 ഐ), അനധികൃതമായി ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് വാഹനത്തിൽ മാലിന്യം കടത്തുക (219 യു) എന്നീ വകുപ്പുകൾ പ്രകാരമാണ് 25,000 രൂപ പിഴ ചുമത്തിയത്.
കൂടാതെ, പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിന് ഓടിച്ചുകുന്നിലെ സ്മിതാ പന്നി ഫാമിനും ജില്ലാ സ്ക്വാഡ് 5,000 രൂപ പിഴ ചുമത്തി. മാലിന്യം കടത്തിയ വാഹനം പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിന് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് നിർദ്ദേശം നൽകി. പരിശോധനയിൽ സ്‌ക്വാഡ് എൻഫോഴ്‌സ്മെൻ്റ് ഓഫീസർ കെ.ആർ. അജയകുമാർ, പി.എസ്. പ്രവീൺ, ശ്രീഹരി, റിനേഷ് എന്നിവർ പങ്കെടുത്തു.







