ത്യാഗത്തിന്റെ സന്ദേശമുണർത്തി ഇന്ന് ബലിപെരുന്നാൾ

Screenshot
കണ്ണൂർ: ത്യാഗപൂർണമായ ജീവിതത്തിന്റെ മഹത്തായ സന്ദേശങ്ങളുമായി വീണ്ടുമൊരു ബലിപെരുന്നാൾ (ഈദുൽ അദ്ഹ) കൂടി വന്നെത്തി. സൃഷ്ടാവിന്റെ കൽപ്പനയ്ക്ക് മുന്നിൽ സ്വന്തം ഇഷ്ടങ്ങളും ജീവനും സമർപ്പിക്കാൻ തയ്യാറായ പ്രവാചകനായ ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായിലിന്റെയും ഓർമ്മപ്പെടുത്തലാണ് ഓരോ ബലിപെരുന്നാളും. വാർധക്യത്തിലേക്ക് എത്തിയ സമയത്ത് തനിക്ക് ലഭിച്ച പൊന്നോമനയായ ഇസ്മായിലിനെ ബലിയർപ്പിക്കാൻ സ്വപ്നത്തിലൂടെ ലഭിച്ച അള്ളാഹുവിന്റെ നിർദേശം ഏറെ സങ്കടത്തോടെയാണെങ്കിലും നടപ്പാക്കാനൊരുങ്ങിയ പിതാവിന്റെയും, സൃഷ്ടാവിന്റെ ആജ്ഞ നടപ്പാക്കാൻ സമ്മതം മൂളിയ ബാലന്റെയും ത്യാഗത്തിന്റെ കഥയാണ് ഈ സുദിനത്തിന് പറയാനുള്ളത്.
ഹജ്ജ് തീർഥാടനത്തിന്റെ ഭാഗമായുള്ള ആഘോഷം കൂടിയാണ് ബലിപെരുന്നാൾ. ഈ പുണ്യദിനത്തിൽ പ്രഭാതത്തിൽ തന്നെ പള്ളികളിലും പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചും വിപുലമായ ഈദ് നമസ്കാരങ്ങളും ഈദ് ഗാഹുകളും സംഘടിപ്പിച്ചു. നമസ്കാര ശേഷം നാൽക്കാലികളെ ബലിയർപ്പിക്കുകയും (ഉളുഹിയ്യത്ത്), അതിന്റെ മാംസം പാവപ്പെട്ടവർക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി പങ്കുവെക്കുകയും ചെയ്യുന്നു. വിവിധ ജമാഅത്ത് കമ്മിറ്റികളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും നേതൃത്വത്തിലാണ് പെരുന്നാൾ ദിവസം ബലികർമ്മങ്ങൾ നടക്കുന്നത്.







