റോഡ് തകർച്ചയിൽ വേറിട്ട പ്രതിഷേധം; അധികൃതരുടെ അനാസ്ഥക്കെതിരെ പള്ള്യത്ത് കുട്ടികളുടെ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ഇരിട്ടി: തില്ലങ്കേരി തെക്കം പൊയിൽ – പള്ള്യം – പുള്ളിപോയിൽ റോഡിന്റെ ശോചനീയാവസ്ഥയിലും അധികൃതരുടെ അനാസ്ഥയിലും പ്രതിഷേധിച്ച് വേറിട്ട സമരം. പള്ള്യം നന്മ സ്വയം സഹായ സംഘത്തിന്റെ (നന്മ കൂട്ടായ്മ) നേതൃത്വത്തിൽ പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ ചിത്രരചനാ മത്സരം സംഘടിപ്പിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
2015-ൽ പ്രധാനമന്ത്രി ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിലുൾപ്പെടുത്തിയാണ് 3 കിലോമീറ്ററോളം വരുന്ന ഈ റോഡ് നവീകരിച്ചത്. എന്നാൽ ഇപ്പോൾ റോഡ് പൂർണമായും തകർന്ന് കുണ്ടും കുഴിയുമായി കാൽനടയാത്ര പോലും ദുസ്സഹമായിരിക്കുകയാണ്. ബസ് സർവീസ് ഇല്ലാത്ത ഈ ഭാഗത്ത് ഓട്ടോറിക്ഷകൾ പോലും ഓടാൻ മടിക്കുകയാണ്. റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാർ ജില്ലാ പഞ്ചായത്തിനും ഗ്രാമപഞ്ചായത്ത് അധികൃതർക്കും നിവേദനം നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ റോഡ് നവീകരണത്തിന് 40 ലക്ഷം രൂപ അനുവദിച്ച് ടെണ്ടർ നടപടി പൂർത്തീകരിച്ചിട്ടുണ്ട്. എന്നാൽ കരാറുകാരൻ ഇതുവരെ എഗ്രിമെന്റ് ഒപ്പിട്ടിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്. ഈ അനാസ്ഥക്കെതിരെയാണ് കുട്ടികളെ അണിനിരത്തി ചിത്രരചനാ മത്സരം നടത്തിയത്.
പള്ള്യത്ത് നടന്ന പരിപാടി പ്രശസ്ത ചിത്രകാരൻ ശ്രീനിവാസൻ എടക്കാനം ഉദ്ഘാടനം ചെയ്തു. ഗീത പി.എ. അധ്യക്ഷത വഹിച്ചു. സി.കെ. ധനേഷ്, പി.പി. അഷ്‌റഫ്, പി.കെ. കൃഷ്ണൻ, ടി. സുജ, ശുഭ, അജിത്ത്, സിദാൻ, പ്രജിന തുടങ്ങിയവർ നേതൃത്വം നൽകി. പ്രദേശത്തെ 25 ഓളം കുട്ടികളാണ് വരമത്സരത്തിൽ പങ്കെടുത്തത്. ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിക്ക് ക്യാഷ് പ്രൈസും പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകിയാണ് പ്രതിഷേധ പരിപാടി അവസാനിച്ചത്.







