ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ ‘കളിക്കൂട്ടം’ ബാലസഭ ക്യാമ്പ്; കുട്ടികൾക്കായി വിജ്ഞാനവും വിനോദവുമായി രണ്ട് ദിവസത്തെ ക്യാമ്പ്

ചെങ്ങളായി: ചെങ്ങളായി ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായി ‘കളിക്കൂട്ടം’ ക്യാമ്പ് സംഘടിപ്പിച്ചു. വളക്കൈ കൃഷിഭവൻ ഹാളിൽ വെച്ച് നടക്കുന്ന ദ്വിദിന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.പി. വിപിന ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കാനും അവരിൽ സാമൂഹികബോധം വളർത്താനും ഇത്തരം ക്യാമ്പുകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. രവി മാസ്റ്റർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.സി. അമ്മുക്കുട്ടി, ബിന്ദു എം.വി., ബാലസഭ ബ്ലോക്ക് ആർ.പി. നിത്യ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് നടന്ന സെഷനുകളിൽ ബാലസഭ ആർ.പി.മാരായ അജിത, ഷോളി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്തു.
സി.ഡി.എസ് ചെയർപേഴ്സൺ കെ. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.ഡി.എസ് വൈസ് ചെയർപേഴ്സൺ എം.വി. സുജാത സ്വാഗതവും സുരേഖ നന്ദിയും പറഞ്ഞു. ഇന്ന് തുടങ്ങിയ ക്യാമ്പ് നാളെ സമാപിക്കും.







