ആറളത്ത് ‘ഓപ്പറേഷൻ ഗജമുക്‌തി’

Screenshot
ഇരിട്ടി (ആറളം): മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി ആറളം ഫാമിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘ഓപ്പറേഷൻ ഗജമുക്‌തി’ പുരോഗമിക്കുന്നു. ആറ് കാട്ടാനകളെ കാട്ടിലേക്ക് തുരത്താനുള്ള ഇന്നലത്തെ ദൗത്യം ആനകൾ തിരിഞ്ഞതിനെ തുടർന്ന് ഇടയ്ക്കുവെച്ച് തടസ്സപ്പെട്ടു. ദൗത്യം ഇന്ന് പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
തുരത്തിയത് വലിയ കൊമ്പനെയും മൊട്ടു കൊമ്പനെയുമടക്കം 6 ആനകളെ:
ആറളം ഫാം ബ്ലോക്ക് 1, ബ്ലോക്ക് 5 (നഴ്സറി ഭാഗം) എന്നിവിടങ്ങളിൽ രണ്ട് ടീമുകളായി തിരിഞ്ഞാണ് നിരീക്ഷണം നടത്തിയത്. ഇവിടെയുണ്ടായിരുന്ന ‘വലിയ കൊമ്പൻ’, ‘മൊട്ടു കൊമ്പൻ’ എന്നീ രണ്ട് കാട്ടാനകളെ ദൗത്യസംഘം എക്കണ്ടി വഴി ബ്ലോക്ക് 2-ലേക്ക് കടത്തിവിട്ടു. തുടർന്ന് ബ്ലോക്ക് 2-ൽ നിന്ന് ഇവയടക്കം 6 ആനകളെ ബ്ലോക്ക് 4 വഴി ഹെലിപ്പാഡ് ഭാഗത്തേക്കും തുരത്തി. എന്നാൽ ഹെലിപ്പാഡ് – വട്ടക്കാട് ഭാഗത്തു നിന്നും താളിപ്പാറ ഭാഗത്തേക്ക് തുരത്തുന്നതിനിടെ ആനകൾ തിരിയുകയും, ഡ്രൈവ് തുടരാൻ സാധിക്കാത്ത സാഹചര്യമുണ്ടാവുകയും ചെയ്യുകയായിരുന്നു.
47 അംഗ ദൗത്യസംഘം:
ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡന്റെയും കൊട്ടിയൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെയും നേതൃത്വത്തിലാണ് ഓപ്പറേഷൻ നടക്കുന്നത്. ഡ്രൈവിംഗ് ടീമിൽ ആറളം വൈൽഡ് ലൈഫിലെയും കൊട്ടിയൂർ, കണ്ണവം റെയ്ഞ്ചുകളിലെയും സ്റ്റാഫുകൾ, വാച്ചർമാർ, ആറളം ഫാം സെക്യൂരിറ്റി ജീവനക്കാർ എന്നിവരുൾപ്പെടെ 47 പേർ പങ്കെടുത്തു. പ്രവർത്തനങ്ങൾക്ക് പിന്തുണയായി ഏഴ് വാഹനങ്ങളും വിന്യസിച്ചിരുന്നു.
കർശന സുരക്ഷയും ഏകോപനവും:
പഞ്ചായത്തുകളിൽ നിയമിച്ച ലെയ്സൺ ഓഫീസർമാർ മുഖേന പോലീസ്, റവന്യൂ വകുപ്പ്, ടി.ആർ.ഡി.എം എന്നിവരുമായി മികച്ച ഏകോപനം നടത്തിയാണ് ദൗത്യം പുരോഗമിക്കുന്നത്. ടി.ആർ.ഡി.എം ഏരിയയിലെ തൊഴിലാളികൾ, പ്രദേശവാസികൾ, യാത്രക്കാർ എന്നിവരുടെ സുരക്ഷ മുൻനിർത്തിയാണ് ആനകളെ തുരത്തുന്നത്. ആവശ്യമായ മുൻകരുതലുകൾ കൈക്കൊള്ളാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.








