ജനവിധി പൂർണ്ണമായും അംഗീകരിക്കുന്നു; എൽ.ഡി.എഫ് കൂടുതൽ കരുത്തോടെ തിരികെ വരുമെന്ന് പിണറായി വിജയൻ

Screenshot
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി പൂർണ്ണമായും അംഗീകരിക്കുന്നതായും, കൂടുതൽ ജനപിന്തുണയോടെ എൽ.ഡി.എഫ് കരുത്തോടെ തിരിച്ചുവരുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കി. പരാജയം സി.പി.എമ്മിന്റെയോ എൽ.ഡി.എഫിന്റെയോ അവസാനമായി ആരും കാണേണ്ടതില്ലെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.
“ഈ തിരഞ്ഞെടുപ്പിൽ ഞങ്ങൾ പരാജയപ്പെടാനിടയായി. ഒരു ഭരണമാറ്റം വേണമെന്നാണ് ജനങ്ങൾ വിധിയെഴുതിയത്. ആ ജനവിധി ഞങ്ങൾ പൂർണമായും അംഗീകരിക്കുന്നു. കഴിഞ്ഞ പത്തുവർഷം കൊണ്ട് കേരളത്തെ മാതൃകാപരമായ രീതിയിൽ ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞു എന്നാണ് ഞങ്ങൾ കാണുന്നത്. നാടിനെ പുരോഗതിയിലേക്ക് നയിക്കുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം,” പിണറായി പറഞ്ഞു.
വികസനത്തിന് ഒരു തുടർച്ച വേണമെന്നും, അത് എൽ.ഡി.എഫ് തന്നെ ചെയ്യണമെന്ന നിർബന്ധം തങ്ങൾക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾക്ക് ക്രിയാത്മകമായ പിന്തുണ നൽകുമെന്നും, എന്നാൽ ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമായ നടപടികളുണ്ടായാൽ അതിശക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുപോലുള്ള നിരവധി പ്രതിസന്ധികളെ തരണം ചെയ്ത ചരിത്രം പാർട്ടിക്കുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.








