പയ്യാമ്പലം ശ്മശാന നവീകരണത്തിന് തുടക്കം കുറിച്ച് കണ്ണൂർ കോർപറേഷൻ

കണ്ണൂർ: പയ്യാമ്പലം ശ്മശാനത്തിന്റെ സമഗ്ര നവീകരണത്തിനും സൗന്ദര്യവൽക്കരണത്തിനും തുടക്കം കുറിച്ച് കണ്ണൂർ കോർപറേഷൻ. മേയർ അഡ്വ. പി. ഇന്ദിരയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയുടെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണിത്. പദ്ധതിയുടെ ആദ്യപടിയായി മേയറുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം അയൽ സംസ്ഥാനങ്ങളിലെ വിവിധ ശ്മശാനങ്ങളിൽ സന്ദർശനം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.
5 കോടിയുടെ പദ്ധതി; ഡി.പി.ആർ തയ്യാർ
അഞ്ച് കോടി രൂപ ചിലവഴിച്ചാണ് നവീകരണ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായുള്ള ഡിറ്റെയിൽഡ് പ്രൊജക്റ്റ് റിപ്പോർട്ട് (DPR) ഇതിനകം തയ്യാറായിട്ടുണ്ട്. തമിഴ്നാട് കോയമ്പത്തൂരിൽ ഉൾപ്പെടെ സന്ദർശനം നടത്തിയ സംഘത്തിന്റെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാവും പദ്ധതിക്ക് അന്തിമ രൂപം നൽകുക. പരിസ്ഥിതിക്ക് അനുയോജ്യമായതും, ആചാര അനുഷ്ഠാനങ്ങൾക്കും പ്രദേശവാസികളുടെ അഭിപ്രായത്തിനും മുൻഗണന നൽകുന്നതുമായ പദ്ധതികൾക്കാണ് കോർപറേഷൻ ഊന്നൽ നൽകുന്നത്.
വാതക-വൈദ്യുതി ശ്മശാനങ്ങൾ പരിഗണനയിൽ
പയ്യാമ്പലത്തെ പരമ്പരാഗത രീതിയിലുള്ള ശ്മശാനത്തിന്റെ പ്രവർത്തനത്തിൽ കോടതി വിധി നിലനിൽക്കുന്നതിനാൽ വാതക, വൈദ്യുതി ശ്മശാനങ്ങളും കോർപറേഷന്റെ പരിഗണനയിലുണ്ട്. ഇതോടൊപ്പം കോർപറേഷൻ പരിധിയിലുള്ള ചേലോറ, എടക്കാട് എന്നിവിടങ്ങളിലെ ശ്മശാനങ്ങളും നവീകരിക്കും. നവീകരണ പ്രവൃത്തികൾ എത്രയും വേഗം ആരംഭിക്കാനുള്ള നടപടികളിലാണ് അധികൃതർ.
മേയർക്കു പുറമേ സ്ഥിരം സമിതി അധ്യക്ഷരായ ശ്രീജ മഠത്തിൽ, റിജിൽ മാക്കുറ്റി, അഡ്വ. ലിഷ ദീപക്, വി.കെ മുഹമ്മദലി, അഡ്വ. സോന ജയറാം, കോർപറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, ക്ലീൻസിറ്റി മാനേജർ ഷൈൻ പി ജോസ് എന്നിവരും കോയമ്പത്തൂരിൽ സന്ദർശനം നടത്തിയ സംഘത്തിലുണ്ടായിരുന്നു.







