ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിതയ്ക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണം നേരിട്ടതിനെത്തുടർന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഷിംജിതയ്ക്ക് ജാമ്യം ലഭിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 21 ദിവസമായി റിമാൻഡിലായിരുന്ന ഷിംജിത നിലവിൽ മഞ്ചേരി ജയിലിലാണുള്ളത്.
നേരത്തെ കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് ഇവർ സെഷൻസ് കോടതിയെ സമീപിച്ചത്. ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ഷിംജിതയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജാമ്യ വ്യവസ്ഥകൾ:
• 50,000 രൂപയുടെ രണ്ട് ആൾജാമ്യം ഹാജരാക്കണം.
• എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം.
• സാക്ഷികളെ സ്വാധീനിക്കാനോ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനോ പാടില്ല.
ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഫോൺ, ലാപ്ടോപ്പ് എന്നിവയുടെ ശാസ്ത്രീയ പരിശോധനാ ഫലം വരുന്നത് വരെ ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയാണ് കോടതി ഉത്തരവ്. കഴിഞ്ഞ ജനുവരിയിലാണ് ദീപക്കിനെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുകയും ദൃശ്യങ്ങൾ പകർത്തി അപമാനിക്കുകയും ചെയ്തത്. ഇതിൽ മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്നാണ് കേസ്.










