വനിതാ എസ് ഐ യെയും പോലീസുകാരനെയും ആക്രമിച്ച പ്രതി പിടിയിൽ

പയ്യന്നൂർ : യുവതിയെയും കുട്ടിയെയും ഉപദ്രവിക്കുന്നുവെന്നപരാതി അന്വേഷിക്കാൻ പോയ പയ്യന്നൂരിലെ വനിത എസ്.ഐയെയും പോലീസുകാരനെയും മർദ്ദിക്കുകയും വനിത എസ്.ഐ യെ ഷോൾഡറിൽ പിടിച്ചു തള്ളിവയറിൽ ചവിട്ടി മാനഹാനി വരുത്തുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. രാമന്തളി കുന്നരു കാരന്താട്ടെ പുന്നത്തിരിയൻ വീട്ടിൽ ബിജുകുമാറിനെ (43)യാണ് പയ്യന്നൂർ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി 7.40 മണിയോടെയാണ് സംഭവം. കാരന്താട്ടെ പഴയ റേഷൻ ഷോപ്പിന് സമീപത്തെ യുവതിയെയും പത്താം ക്ലാസിൽ പഠിക്കുന്ന മകനെയും പ്രതി ഉപദ്രവിക്കുന്നുവെന്ന പരാതി അന്വേഷിക്കാൻ പോയ പോലീസ് സംഘത്തിലെ വനിതാ എസ്.ഐയെയും സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രമോദിനെയുമാണ് പ്രതി ആക്രമിച്ച് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയത്. പരിക്കേറ്റ വനിത എസ്.ഐ യും പോലീസ് ഉദ്യോഗസ്ഥനും പയ്യന്നൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് പ്രതിയെ രാത്രിയോടെ പോലീസ്കസ്റ്റഡിയിലെടുത്തു .അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.







