പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് അഞ്ച് പവനും പണവും കവർന്നു

പയ്യന്നൂർ: പയ്യന്നൂർ വെള്ളൂർ ഏച്ചിലാംവയൽ പെട്രോൾ പമ്പിന് സമീപത്തെ പി.വി. സുരേഷിന്റെ വീട് കുത്തിത്തുറന്ന് അഞ്ച് പവനോളം സ്വർണ്ണാഭരണങ്ങളും 5000 രൂപയും കവർന്നു. സുരേഷും കുടുംബവും സ്ഥലത്തില്ലാത്ത സമയത്തായിരുന്നു മോഷണം.
കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്നര പവന്റെ മാലയും ഒന്നേകാൽ പവൻ തൂക്കം വരുന്ന രണ്ട് വളകളുമാണ് നഷ്ടപ്പെട്ടത്. സുരേഷിന്റെ സഹോദരനും കോറോം നോർത്ത് സ്വദേശിയുമായ കെ.പി. നാരായണൻ പയ്യന്നൂർ പോലീസിൽ പരാതി നൽകി. മോഷണത്തിലൂടെ ഏകദേശം ഏഴ് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.







