പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെതിരെ ഫ്ലക്സ് ബോർഡ്; ‘ഒറ്റുകാരനെ നാട് തിരിച്ചറിയുമെന്ന്’ മുന്നറിയിപ്പ്

പയ്യന്നൂർ: സി.പി.എം എം.എൽ.എ ടി.ഐ. മധുസൂദനനെതിരെ ഫണ്ട് വിവാദത്തിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരിൽ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. പയ്യന്നൂർ കാറമേൽ മുച്ചിലോട്ട് ഭാഗത്താണ് കുഞ്ഞികൃഷ്ണന്റെ ചിത്രത്തിൽ കറുത്ത നിറം കൊണ്ട് വെട്ടിയ നിലയിലുള്ള ബോർഡ് കാണപ്പെട്ടത്.
പാർട്ടിയെ വെല്ലുവിളിക്കുന്ന ഒറ്റുകാരനെ നാട് തിരിച്ചറിയുമെന്നാണ് ബോർഡിലെ വാചകം. കുഞ്ഞികൃഷ്ണനെ ‘വിശുദ്ധൻ’ എന്ന് പരിഹസിച്ചുകൊണ്ടാണ് ബോർഡ് തയ്യാറാക്കിയിരിക്കുന്നത്.
ബോർഡിലെ വരികൾ ഇങ്ങനെ:
“കഴുത്തിന് നേരെ വടിവാൾ വരുന്ന നാളുകളിൽ വിശുദ്ധൻ എവിടെയായിരുന്നു? കൂട്ടത്തിലൊരു പ്രിയ സഖാവ് വീണുപോയ രാത്രിയിൽ വിശുദ്ധൻ എവിടെയായിരുന്നു? തടവറകളും ഇടിമുറികളും വിളിച്ച നാളുകളിൽ വിശുദ്ധൻ എവിടെയായിരുന്നു? ഊണും കഴിഞ്ഞ് ഏമ്പക്കവും വിട്ട് പാർട്ടിയെ വെല്ലുവിളിക്കുന്ന ഒറ്റുകാരനെ നാട് തിരിച്ചറിയും.”
ഫണ്ട് തിരിമറി ആരോപണത്തിൽ പാർട്ടി സ്വീകരിച്ച നിലപാടിനെതിരെ വി. കുഞ്ഞികൃഷ്ണൻ പരസ്യമായി രംഗത്തെത്തിയതോടെ പയ്യന്നൂർ സി.പി.എമ്മിൽ വിഭാഗീയത മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് അണികൾക്കിടയിലെ പ്രതിഷേധം ഫ്ലക്സ് ബോർഡുകളായി പ്രത്യക്ഷപ്പെടുന്നത്.






