തലശ്ശേരിയിൽ ബസ്സിന് പിന്നിൽ തൂങ്ങി വിദ്യാർത്ഥികളുടെ ‘റീൽസ്’ അഭ്യാസം; പരാതിയുമായി ബസ് ജീവനക്കാർ


തലശ്ശേരി: സോഷ്യൽ മീഡിയയിലെ ‘റീൽസി’നായി ഓടുന്ന ബസ്സിന് പിന്നിൽ തൂങ്ങിക്കിടന്ന് വിദ്യാർത്ഥികളുടെ അപകടകരമായ യാത്ര. തലശ്ശേരി-വടകര റൂട്ടിലോടുന്ന ബസ്സുകളുടെ പിന്നിലെ കോണിയിൽ (ലാഡർ) തൂങ്ങിക്കിടന്നാണ് വിദ്യാർത്ഥികൾ വീഡിയോ ചിത്രീകരിച്ചത്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ബസ് ജീവനക്കാർ പോലീസിലും സ്കൂൾ അധികൃതർക്കും പരാതി നൽകാൻ ഒരുങ്ങുകയാണ്.
ഓടുന്ന ബസ്സിന്റെ പിന്നിലെ കമ്പിയിൽ സാഹസികമായി തൂങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ, ബസ് നിർത്തിയ ശേഷം കണ്ടക്ടർ പുറത്തിറങ്ങി ഓടിച്ചുവിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സൈക്കിളിൽ മൂന്ന് പേർ കയറി റോഡിലൂടെ അപകടകരമായ രീതിയിൽ ഓടിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ എഡിറ്റ് ചെയ്താണ് റീൽസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ വിദ്യാർത്ഥികൾ കാട്ടിക്കൂട്ടുന്ന ഇത്തരം സാഹസങ്ങൾ വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് മോട്ടോർ വാഹന വകുപ്പും പോലീസും മുന്നറിയിപ്പ് നൽകുന്നുണ്ട്.






