യാത്രാദുരിതം – ഒക്ടോബർ 15മുതൽ സ്വകാര്യ ബസ്സുകൾ ബൈപ്പാസ് റോഡ് ബഹിഷ്‌ക്കരിക്കുന്നു

.
പയ്യന്നൂർ: പയ്യന്നൂർ പെരുമ്പ ബൈപ്പാസ് റോഡിന്റെ അതീവ ശോചനീയാവസ്ഥയിൽ സ്വകാര്യ ബസ്സുകൾ സർവീസ് നടത്താൻ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ പ്രതിഷേധത്തിൻ്റെ ഭാഗമായി ഒക്ടോബർ 15മുതൽ ബൈപ്പാസ് റോഡുവഴിയുള്ള സ്വകാര്യ ബസ്സുകളുടെ സർവീസ് നിർത്തിവെക്കുന്നതായി പയ്യന്നൂർ താലൂക്ക് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതുവരെ ടൗണിൽ കൂടി തന്നെ ഗതാഗതം നടത്താനാണ് തീരുമാനം.
ബൈപാസ് റോഡിലൂടെ ഗതാഗതം നടത്താൻ കഴിയാത്ത ദയനീയാവസ്ഥ ദീർഘനാളായി പല രീതിയിലും ബന്ധപ്പെട്ട പലരെയും അറിയിച്ചിട്ടും അനുകൂലമായ ഒരുനിലപാടും സ്വീകരിക്കാത്തതിനാലാണ് ബസ്സുകൾ സർവീസുകൾ നിർത്തിവെക്കാൻ നിർബന്ധിതരായിട്ടുള്ളത്.
തകർന്നുകിടക്കുന്ന ബൈപ്പാസ് റോഡിലൂടെയുള്ള യാത്രമൂലം ബസ്സുകൾക്ക് സംഭവിക്കുന്ന തകരാറുകൾ കാരണം പൊതുവെ ലാഭകരമല്ലാത്ത പ്രവർത്തിക്കുന്ന ഈ മേഖലക്ക് കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തികൊണ്ടിരിക്കുന്നതെന്നും, പൊട്ടിപൊളിഞ്ഞ റോഡിലൂടെയുള്ള ബസ്സുകളുടെ സഞ്ചാരപാതയിൽ നിന്നും ഇളകിത്തെറിക്കുന്ന കല്ലുകളും, പൊടിപടലങ്ങളും കാരണം മറ്റുള്ളവരുടെ പഴികേൾക്കുന്നതും ബസ്സ് തൊഴിലാളികൾ തന്നെയാണ്. അതിനാലാണ് തങ്ങൾ ഇത്തരം ഒരു തീരുമാനം കൈക്കൊള്ളുന്നതെന്നും വാർത്ത സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് വി വി ലത്തീഫ്, വൈസ് പ്രസിഡന്റ് കെ ഗോവിന്ദൻ, ട്രഷറർ എൻ പി ശശീന്ദ്രൻ, എക്സിക്യുട്ടീവ് മെമ്പർ എം ഭാസ്കരൻ എന്നിവർ അറിയിച്ചു.






