ഹെൽത്ത് ഇൻസ്പെക്ടർ ദീപാലേഖയുടെ മരണം പക്ഷാഘാതം കൊണ്ടെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Screenshot
തലശ്ശേരി: ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപാലേഖ കുഴഞ്ഞുവീണു മരിച്ചത് പക്ഷാഘാതം മൂലമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. പെട്ടെന്നുണ്ടായ മാനസിക സംഘർഷമാകാം പക്ഷാഘാതത്തിന് കാരണമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മട്ടന്നൂരിലേക്ക് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെയാണ് ദീപാലേഖ കഴിഞ്ഞദിവസം കുഴഞ്ഞുവീണ് മരിച്ചത്.
അഞ്ചു മാസം മുൻപ് മാത്രം ഹെൽത്ത് ഇൻസ്പെക്ടറായി ചുമതലയേറ്റ ദീപയെ, ഭരണം മാറിയതോടെയാണ് സ്ഥലം മാറ്റിയത്. ഇടത് സംഘടനാ അംഗമായിരുന്നു ഇവർ. രണ്ടുമാസം മുൻപ് സ്‌കൂട്ടർ അപകടത്തിൽ കാലിന് പരിക്കേറ്റതിനാൽ ദീപാലേഖയ്ക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ വിവരം കണ്ണൂർ ഡി.എം.ഒ-യെ അറിയിച്ചിരുന്നെങ്കിലും വേണ്ടവിധം പരിഗണിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ദീപാലേഖയുടെ മരണത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും എൻ.ജി.ഒ യൂണിയൻ ഒരു മണിക്കൂർ ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു.
അതേസമയം, അകാരണമായ സ്ഥലംമാറ്റത്തിൽ കണ്ണൂർ ഡി.എം.ഒ-യ്ക്കെതിരെ ദീപാലേഖയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രിക്ക് പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.






