അമീബിക് മസ്തിഷ്‍കജ്വരം ബാധിച്ച് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്‍കജ്വരം മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കുട്ടിയാണ് മരിച്ചത്. ഒരു മാസത്തിലേറെയായി ഓമശ്ശേരി സ്വദേശിയായ കുട്ടി മെഡിൽകോളജിൽ ചികിത്സയിലായിരുന്നു. പനിയുമായി മെഡിക്കൽകോളജിലെത്തിയ കുട്ടിയുടെ ശ്രവം വിശദപരിശോധനക്ക് അയക്കുകയും അമീബിക് മസ്തിഷ്‍കജ്വരം സ്ഥിരീകരിക്കുകയുമായിരുന്നു.
കുട്ടിക്ക് എവിടെ നിന്ന് രോഗം വന്നുവെന്ന് ആശങ്ക ഉയർന്നിരുന്നു. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ വീട്ടിലെ കിണറ്റിലെ വെള്ളത്തിൽ നിന്നാണ് രോഗം വന്നതെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയുടെ കുടുംബത്തിലെ മറ്റാർക്കും രോഗലക്ഷണങ്ങളില്ല.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒന്നരമാസം ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
വേങ്ങര: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കണ്ണമംഗലം ചേറൂർ കാപ്പിൽ ആറാം വാർഡിൽ താമസിക്കുന്ന കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംല (52) യാണ് ഒന്നരമാസത്തെ ചികിത്സക്ക് ശേഷം മരണത്തിനു കീഴടങ്ങിയത്.
അവർക്ക് ജൂലൈ ഏഴിന് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ചികിത്സ തുടങ്ങിയിരുന്നു. എന്നാൽ രോഗം ഭേദമാവാതെയായതോടെ ആഗസ്ത് ഒന്നിന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ആഗസ്ത് രണ്ടിന് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
രോഗാവസ്ഥ വഷളായതോടെ ആഗസ്റ്റ് നാലിന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും അഞ്ചിന് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ വെച്ചാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് അടിയന്തര ചികിത്സ നൽകി. പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ആഗസ്റ്റ് 11 ന് ഐ.സി.യുവിൽ നിന്ന് വാർഡിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, ആഗസ്റ്റ് 26ന് വീണ്ടും ജ്വരവും ഛർദിയും തുടങ്ങിയതോടെ ആരോഗ്യനില വഷളാവുകയും 31ന് പുലർച്ചെ മരിക്കുകയുമായിരുന്നു.