മണക്കടവ്–മാമ്പൊയിൽ: കാട്ടാന ആക്രമണം

ആലക്കോട്: കുടക് വനാതിർത്തി കടന്ന് മണക്കടവ്–മാമ്പൊയിൽ മേഖലയിൽ കാട്ടാനക്കൂട്ടം കയറി വൻ കൃഷിനാശം വിതച്ചത് ജനങ്ങളിൽ ഭീതിയുണർത്തുന്നു. തുടർച്ചയായി ലഭിച്ച കനത്ത മഴയെ തുടർന്നാണ് വനത്തിൽ തീറ്റകിട്ടാതെ പട്ടിണിയിലായ കാട്ടാനക്കൂട്ടം ജനവാസ പ്രദേശങ്ങളിലേയ്ക്ക് കടന്നത്.
അബ്രാഹം തുരുത്തേൽ, ജോസ് കുട്ടി തൊമ്മിതാഴത്ത്, ദേവസ്യ തുരുത്തേൽ എന്നിവരുടെ കൃഷിയിടങ്ങളിലാണ് ഏറെ നാശം സംഭവിച്ചത്. വാഴ, ഇടവിള കൃഷികൾ ഉൾപ്പെടെ കാട്ടാനകൾ പൂർണ്ണമായി ചവിട്ടിയരച്ചതായി കർഷകർ അറിയിച്ചു.
വനംവകുപ്പ് അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗം സിജോ തുണ്ടിയിൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കൃഷിനാശമുണ്ടായ കർഷകർക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.






