സുരേഷ് അന്നൂർ ഒരുക്കിയ ‘കേളിപാത്രം’ ഡോക്യുമെൻ്ററി യുനെസ്കോ വേദിയിലേക്ക്…

പയ്യന്നൂർ:ചൈനയിലെ സിയാമെൻ പട്ടണത്തിൽ നവംബർ 30 മുതൽ ഡിസംബർ 5 വരെ നടക്കുന്ന യുനെസ്കോ 21ാം ഇൻ്റർ-ഗവൺമെൻ്റൽ കോൺഫറൻസിൽ പ്രദർശിപ്പിക്കാൻ ഡോ. ആർ സി കരിപ്പത്തിന്റെ രചനയിൽ സുരേഷ് അന്നൂർ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച ‘കേളിപാത്രം’ ഡോക്യുമെൻ്ററി ഫിലിം തിരഞ്ഞെടുക്കപ്പെട്ടു.
അന്താരാഷ്ട്രതലത്തിൽ ‘ജീവിക്കുന്ന പൈതൃകങ്ങൾ’ എന്ന വിഭാഗത്തിൽ പ്പെടുന്ന ഏഴു ഡോക്യുമെൻ്ററികളാണ് ഈ വർഷം പ്രദർശനത്തിന് തിരഞ്ഞെടുത്തത്. സുരേഷ് അന്നൂരിന്റെ കേളിപാത്രവും
ബംഗാളി ഡോക്യുമെന്ററി
‘ചൗ-പൂർവ്വേന്ത്യയിലെ ജീവൻ തുടിക്കുന്ന പൈതൃകം’ എന്ന ചിത്രവും ആണ് ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത ചിത്രങ്ങൾ.
ഇംഗ്ലണ്ടിൽ നിന്നുള്ള പ്രമുഖ നരവംശ ശാസ്ത്രഞ്ജ ഡോ റേയ്ച്ചൽ ജെഫ്രി , നോർവെ സ്വദേശി ഈവിന്ദ് ഫാൽക്ക്, മേരി ലൂയിസ്, കാനഡ സ്വദേശി ആൻ്റോണിയോ ഗോയ്ത്തർ, ഇന്ത്യയിൽ നിന്നുള്ള ഡോ. വി..ജയരാജൻ എന്നിവരാണ് ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങൾ.
പയ്യന്നൂർ എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഹിന്ദി അധ്യാപകൻ ആണ് സുരേഷ് അന്നൂർ . കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മികച്ച ഹൈസ്കൂൾ അധ്യാപകപുരസ്കാരം, നാഷണൽ ഫിലിം അക്കാദമി പുരസ്കാരം, സൗത്ത് ഇന്ത്യൻ ടെലിവിഷൻ അക്കാദമി പുരസ്കാരം ഉൾപ്പെടെ എഴുപതോളം അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ അന്നൂർ കിഴക്കേ കൊവ്വലിലെ ഭാസ്കരൻ ഗുരുക്കളാണ് കേളിപാത്രമായി വേഷമിട്ടത്.
ദീപക് അന്നൂർ, വിനോദ് കാന, അമർജിത്ത് കാനായി, അനികേത് നാഗേഷ്, പ്രദീപ് വെള്ളൂർ,
രാധിക സുരേഷ്,
സുരേഷ് ബാബു കരിവെള്ളൂർ, തമ്പാൻ പെരിന്തട്ട എന്നിവരാണ് ‘കേളിപാത്ര’ത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ. കേരള ക്ഷേത്രകല അക്കാദമി ഡോക്യുമെന്ററി പുരസ്കാരം, സത്യജിത്ത് റായ് ഇന്റർനാഷണൽ പുരസ്കാരം ഉൾപ്പെടെ ആറ് അവാർഡുകൾ ‘കേളിപാത്രം’ നേടിയിട്ടുണ്ട്.







