മലിനജലം ഒഴുക്കി വിട്ടതിന് ഹോട്ടലിന് 35,000 രൂപ പിഴ ചുമത്തി.

ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പാനൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ മലിനജലം ഓടയിലേക്ക് ഒഴുക്കി വിട്ടതിനും അജൈവമാലിന്യങ്ങൾ പൂർണ്ണമായി ഹരിത കർമ്മ സേനയ്ക്ക് കൈമാറാതിരുന്നതിനും മാലിന്യം തരംതിരിക്കാതെ കൂട്ടിയിട്ടതിനും അണിയാരത്തെ പേൾ ഹോട്ടൽ ആൻ്റ് കാറ്ററിങ്ങ് എന്ന സ്ഥാപനത്തിന് 35000 രൂപ പിഴ ചുമത്തി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും ഒരേ ബിന്നിൽ തന്നെ നിക്ഷേപിക്കുന്നതായി സ്ക്വാഡ് കണ്ടെത്തി. ഹരിത കർമ്മ സേനയ്ക്ക് നാമമാത്രമായി അജൈവമാലിന്യങ്ങൾ നൽകുകയും ബാക്കിയുള്ളവ വേർതിരിക്കാതെ അനധികൃത ഏജൻസികൾക്ക് പണം നൽകി ഒഴിവാക്കിയിരുന്നതായും സ്ക്വാഡ് കണ്ടെത്തി. സ്ഥാപനത്തിൽ നിന്നുള്ള മലിനജലം തൊട്ടു മുന്നിലെ ഓടയിലേക്ക് ഒഴുക്കിവിടുന്നതായും ജില്ലാ എൻഫോഴ്സ് മെൻഡ് സ്ക്വാഡിന്റെ പരിശോധനയിൽ കണ്ടെത്തി. ഹോട്ടലിന് സമീപത്തായി വെള്ളത്തിന് നിറവ്യത്യാസവും ദുർഗന്ധവും അനുഭവപ്പെട്ടതിനെ തുടർന്ന് സ്ലാബ് മാറ്റി പരിശോധിച്ചാണ് മലിനജലം ഒഴുക്കിവിടുന്നത് കണ്ടെത്തിയത്. കേരള മുൻസിപ്പൽ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം സ്ഥാപനയുടമയ്ക്ക് മുപ്പത്തിയഞ്ചായിരം രൂപ പിഴ ചുമത്തി. തുടർ നടപടികൾ സ്വീകരിക്കുന്നതിന് പാനൂർ നഗരസഭയ്ക്ക് നിർദേശം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിനോടൊപ്പം പാനൂർ നഗരസഭാ ക്ലീൻ സിറ്റി മാനേജർ ശശി നടുവിലക്കണ്ടി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രീജ എന്നിവർ പങ്കെടുത്തു.







