പയ്യന്നൂർ അന്നൂരിൽ ടെലിവിഷൻ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

പയ്യന്നൂർ: പയ്യന്നൂർ അന്നൂരിൽ ടെലിവിഷൻ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. അന്നൂർ ശാന്തിഗ്രാമത്തിലെ കെ.യു. ബാലാമണിയുടെ വീട്ടിൽ ബുധനാഴ്ച (ഒക്ടോബർ 14, 2026) രാത്രി 8 മണിയോടെയാണ് സംഭവം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വീട്ടിനുള്ളിൽ വലിയ രീതിയിൽ നാശനഷ്ടമുണ്ടായി.
വീട്ടിലെ ലിവിങ് റൂമിലുണ്ടായിരുന്ന ടെലിവിഷനിലാണ് ആദ്യം തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. തുടർന്ന് ടിവിയും അനുബന്ധ ഉപകരണങ്ങളും സമീപത്തുണ്ടായിരുന്ന കിടക്കയും പൂർണ്ണമായും കത്തിനശിച്ചു. വീട്ടിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഉടൻ തന്നെ വിവരം അറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ അഗ്നിരക്ഷാനിലയത്തിൽനിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്.
സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എ. ഷിജിത്ത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) ജോബിമോൻ ജോർജ്, യു.എസ്. അഭിലാഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി. സത്യൻ, പി.പി. ജിഷ്ണുദേവ്, യു.കെ. ലിജീഷ്, എസ്. ജിഷ്ണു, ഹോംഗാർഡുമാരായ കെ. ദിനേശൻ, എൻ.വി. ശ്രീജേഷ് എന്നിവരടങ്ങുന്ന സംഘം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.







