ഏഷ്യൻ ഗെയിംസ് ആറാം ദിനം ഷൂട്ടിങ്ങിൽ തിളങ്ങി ഇന്ത്യ; ഒരു സ്വർണവും വെള്ളിയും സ്വന്തമാക്കി

Screenshot
കണ്ണൂർ: ഏഷ്യൻ ഗെയിംസ് ആറാം ദിനം ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് തിളക്കമാർന്ന നേട്ടം. ഏഷ്യൻ ഗെയിംസ് റെക്കോർഡോട് കൂടി ഒരു സ്വർണവും വെള്ളിയുമാണ് ഇന്ത്യ സ്വന്തമാക്കിയത്. 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിൽ കമൽജീതും സുരുചി സിങ്ങുമാണ് ഇന്ത്യയ്ക്കായി സ്വർണം വെടിവെച്ചിട്ടത്. ഷൂട്ടിങ് 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ടീം ഇനത്തിൽ ഇന്ത്യ വെള്ളിയും നേടി. ഐശ്വര്യ പ്രതാപ് സിങ് ടോമർ, നീരജ് കുമാർ, രുദ്രാംക്ഷ് പാട്ടീൽ എന്നിവരടങ്ങിയ ടീമാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്.
ഏഷ്യൻ ഗെയിംസ് റെക്കോർഡോടെയായിരുന്നു ഇന്ത്യയുടെ സ്വർണനേട്ടം. യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനം ഫൈനലിലും ആവർത്തിച്ച സുരുചിയും കമൽജീതിന്റേയും ആകെ സ്‌കോർ 484.6 ആണ്. വെള്ളി നേടിയ ദക്ഷിണ കൊറിയയേക്കാൾ ആറ് പോയിന്റ് വ്യത്യാസത്തിലായിരുന്നു ഇന്ത്യയുടെ സുവർണ്ണ നേട്ടം. ദക്ഷിണ കൊറിയ 478 പോയിന്റും വെങ്കലം നേടിയ ഇറാൻ 415.8 പോയിന്റുമാണ് നേടിയത്. വനിതാ ക്രിക്കറ്റിലെ വിജയത്തിന് ശേഷം ഈ ഗെയിംസിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വർണ്ണമാണിത്.
50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ടീം ഇനത്തിൽ ചൈനയ്ക്കാണ് സ്വർണം. വെള്ളി നേടിയ ഇന്ത്യൻ ടീമിനായി പ്രതാപ് സിങ് തോമറും നീരജ് കുമാറും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ രുദ്രാംക്ഷ് പാട്ടീലിന് പ്രതീക്ഷയ്ക്കൊത്ത ഉയരത്തിലെത്താനായില്ല. വ്യക്തിഗത ഫൈനലിൽ 589 പോയിന്റോടെ പ്രതാപ് സിങ് തോமറും 588 പോയിന്റോടെ നീരജ് കുമാറും യോഗ്യത നേടിയിട്ടുണ്ട്.










