അഴീക്കോട് മീലാദ് ഫെസ്റ്റ് ഞായറാഴ്ച കച്ചേരിപ്പാറയിൽ

അഴീക്കോട്: അഴീക്കോട് ജമാഅത്തുൽ ഇസ്ലാം കേന്ദ്ര ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘അഴീക്കോട് മീലാദ് ഫെസ്റ്റ് 2026’ സെപ്റ്റംബർ 6 ഞായറാഴ്ച കച്ചേരിപ്പാറ ഗ്രാൻഡ് വില്ല ഓഡിറ്റോറിയത്തിൽ നടക്കും. മുൻവർഷങ്ങളിലെ മെഗാ റാലികൾക്ക് പകരം ജമാഅത്ത് പരിധിയിലെ 10 മഹല്ലുകളെ കോർത്തിണക്കി വിപുലമായ പരിപാടികളോടെയാണ് ഇത്തവണത്തെ മീലാദ് സംഗമം ഒരുക്കിയിരിക്കുന്നത്.
പരിപാടികൾ ഉച്ചയ്ക്ക് കൃത്യം 3 മണിക്ക് തന്നെ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മെഗാ മൗലിദ് സദസിന് പ്രമുഖ പണ്ഡിതൻ സഅ്ദുദ്ദീൻ തങ്ങൾ വളപട്ടണം നേതൃത്വം നൽകും. ജമാഅത്ത് പരിധിയിലെ പത്ത് മഹല്ലുകളിലെ ഖത്തീബുമാർ പങ്കെടുക്കും.
തുടർന്ന് വൈകുന്നേരം 5 മണിക്ക് പാണക്കാട് ജൗഹർ അലി ശിഹാബ് തങ്ങൾ വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. 10 മദ്രസകളിലെ വിദ്യാർഥികൾ അണിനിരക്കുന്ന ദഫ്, സ്കൗട്ട്, ഫ്ലവർ ഷോയും വൈവിധ്യമാർന്ന കലാവിരുന്നുകളും അരങ്ങേറും.






