യുവതിയുടെ മൃതദേഹം പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ; കൊലപാതകമെന്ന് സംശയം, ഭർത്താവിനായി തിരച്ചിൽ

Screenshot
തിരൂർ: പുറത്തൂർ പടിഞ്ഞാറെക്കരയിൽ യുവതിയുടെ മൃതദേഹം പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. അമ്പലപ്പടി അണ്ടിപ്പാട്ടിൽ ഹുസൈന്റെ ഭാര്യ ഫൗസിയ(37)യുടെ മൃതദേഹമാണ് തിരൂർ-പൊന്നാനി പുഴയിൽ പടിഞ്ഞാറെക്കര ബോട്ട് ജെട്ടിക്കു സമീപം കണ്ടെത്തിയത്. ഫൗസിയയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് ഹുസൈനായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.
വ്യാഴാഴ്ച പുലർച്ചെ കടലിൽ വലയിട്ടപ്പോൾ മീൻ കുടുങ്ങിയിട്ടുണ്ടെന്നും അതെടുക്കാൻ കൂടെ വരണമെന്നും പറഞ്ഞാണ് ഉറങ്ങുകയായിരുന്ന ഫൗസിയയെ ഹുസൈൻ കൂട്ടിക്കൊണ്ടുപോയതെന്ന് മക്കൾ പോലീസിന് മൊഴി നൽകി. മത്സ്യതൊഴിലാളിയായ ഹുസൈനൊപ്പം പോയ ഫൗസിയയെ വൈകീട്ടും കാണാതായതോടെ മക്കൾ തിരൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെ പടിഞ്ഞാറേക്കര ബോട്ടുജെട്ടിയിൽ മത്സ്യബന്ധനത്തിനായി ബോട്ട് കടലിലേക്കിറക്കി നങ്കൂരം ഉയർത്തുമ്പോഴാണ് നങ്കൂരത്തിന്റെ അറ്റത്ത് ചാക്ക് കെട്ടിയനിലയിൽ കണ്ടത്. പോലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം ഫൗസിയയുടേതാണെന്ന് തിരിച്ചറിഞ്ഞത്. വീട്ടിൽനിന്ന് ഒരുകിലോമീറ്റർ അകലെയുള്ള സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. കാണാതായ ഹുസൈന്റെ മൊബൈൽ ഫോൺ വ്യാഴാഴ്ച പുറത്തൂർ ബസ് സ്റ്റാൻഡിനു സമീപത്ത് ഓണാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തിരൂർ സി.ഐ. അനിൽ ടി. മേപ്പള്ളി, എസ്.ഐ. നസീർ തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. ഇൻക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഷബീബ്, ബിൻസി എന്നിവരാണ് മക്കൾ.
സോഷ്യൽ മീഡിയ ന്യൂസ് കാർഡ്










