ബസ് ഡ്രൈവറെ മർദ്ദിച്ച സ്‌കൂട്ടർ യാത്രക്കാർക്കെതിരെ കേസ്

മേൽപ്പറമ്പ :യാത്രക്കിടെ കെ.എസ്.ആർ. ടി. സി ബസ് ഡ്രൈവറെ മർദ്ദിച്ച് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ സ്കൂട്ടർ യാത്രക്കാർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. കെ. എസ്ആർടിസി ബസ് ഡ്രൈവർ കണ്ണൂർ മമ്പറം കിഴക്കേക്കരമ്മൽസ്വദേശി എ.എം സുധീഷ് ബാബു (50) വിൻ്റെ പരാതിയിലാണ് ചെയ്യനാട് സ്വദേശികളായ സ്‌കൂട്ടർ യാത്രക്കാരായ രണ്ടു പേർക്കെതിരെ മേൽപ്പറമ്പ പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് 2.15 മണിക്ക് ചെമ്മനാട് മുണ്ടാംകുലം വെച്ചാണ് പരാതിക്കാരൻ ഓടിച്ചു വന്ന കാസറഗോഡ് കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ബസ് പെട്ടെന്നു ബ്രേക്ക് ചവിട്ടിയതിൻ്റെ വിരോധത്തിൽ ഒന്നാം പ്രതി ഷർട്ടിൻ്റെ കോളർ പിടിച്ച് തടഞ്ഞുനിർത്തുകയും രണ്ടാം പ്രതി ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും ഔദ്യോഗികകൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തത്. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







