ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുകാരായ രണ്ട് വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന് കേസ്; കണ്ണൂർ സ്വദേശി അറസ്റ്റിൽ

Screenshot
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുകാരായ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കണ്ണൂർ കൂവേരി സ്വദേശി കെ.വി. അനുരാജ് (23) പോത്തൻകോട് പൊലീസിന്റെ പിടിയിലായി.
ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി ആദ്യം ഒരു വിദ്യാർഥിനിയുമായി പരിചയത്തിലായതെന്ന് പൊലീസ് പറയുന്നു. പിന്നീട് കുട്ടിയുടെ കൂട്ടുകാരിയുമായും പരിചയം സ്ഥാപിച്ചു. ഇരുവരോടും പ്രണയം നടിച്ച പ്രതി കണ്ണൂരിൽ നിന്ന് പോത്തൻകോട് എത്തുകയും വീട്ടിൽ ആളില്ലാത്ത സമയത്ത് ഒരു വിദ്യാർഥിനിയെ പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പ്രതി പകർത്തിയതായും പരാതിയുണ്ട്.
തുടർന്ന് ആദ്യ കുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് കൂട്ടുകാരിയെയും വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. രാത്രി വീട്ടുകാർ ഉറങ്ങിയ ശേഷമാണ് പ്രതി അവിടെനിന്ന് മടങ്ങിയതെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിനുശേഷം ഇരുവരുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പ്രതി ബ്ലോക്ക് ചെയ്തതായാണ് വിവരം. പിന്നീട് ഇയാൾ മറ്റൊരു പെൺകുട്ടിയുമായി ബന്ധത്തിലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ആദ്യ വിദ്യാർഥിനിയുടെ വീട്ടുകാർ പോത്തൻകോട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് രണ്ടാമത്തെ കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നത്. തുടർന്ന് പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കണ്ണൂരിലെത്തിയ പോത്തൻകോട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിക്കെതിരെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ നിലവിൽ രണ്ട് പോക്സോ കേസുകൾ കൂടി ഉള്ളതായാണ് വിവരം.







