കണ്ണൂർ കാൽടെക്സിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്; ട്രാഫിക് നിയന്ത്രിച്ച് ടി.ഒ. മോഹനൻ എം.എൽ.എ

Screenshot
കണ്ണൂർ: കാൽടെക്സ് കവലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായപ്പോൾ ഗതാഗതം നിയന്ത്രിച്ച് ടി.ഒ. മോഹനൻ എം.എൽ.എ. വെള്ളിയാഴ്ച വൈകീട്ട് ആറോടെ ഇതുവഴി കടന്നുവന്ന എം.എൽ.എ ഗാന്ധിസർക്കിളിൽ എത്തിയപ്പോഴാണ് നാലുഭാഗത്തും വാഹനങ്ങൾ തിങ്ങിനിറഞ്ഞ് വലിയ ഗതാഗതക്കുരുക്ക് ശ്രദ്ധയിൽപ്പെട്ടത്. എം.എൽ.എ.യുടെ വാഹനവും ഇതിനിടെ കുരുക്കിൽപ്പെട്ടിരുന്നു.
ഏകദേശം 12 മിനിറ്റോളം വണ്ടിയിലിരുന്നിട്ടും കുരുക്ക് അഴിയാത്തതിനെ തുടർന്ന് അദ്ദേഹം കാറിൽ നിന്ന് പുറത്തിറങ്ങി ഗതാഗതം നിയന്ത്രിക്കാൻ തുടങ്ങുകയായിരുന്നു. ഈ സമയത്ത് ഒരു ഹോം ഗാർഡ് മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. അദ്ദേഹത്തിനു മാത്രം പരിഹരിക്കാൻ കഴിയാത്ത വിധം നാലുഭാഗത്തു നിന്നും വാഹനങ്ങൾ വരികയായിരുന്നു. എം.എൽ.എ റോഡിലിറങ്ങി ഇടപെട്ടതോടെ ഏറെ വൈകാതെ ഗതാഗതം പൂർവസ്ഥിതിയിലായി.
കണ്ണൂർ ടൗണിൽ നിന്നും താഴെചൊവ്വയിലേക്ക് ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്നു അദ്ദേഹം. തിരക്കുണ്ടാകുന്ന ഇത്തരം സമയങ്ങളിൽ ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കാൻ കൂടുതൽ ട്രാഫിക് പോലീസുകാരെ നിയമിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.







