ചിറക്കൽ ചാമുണ്ഡി കോട്ടം: പൈതൃക മണ്ഡപം പുനർനിർമ്മിക്കുന്നു; രൂപകല്പന പ്രശസ്ത ശില്പി കെ.കെ.ആർ. വെങ്ങരയുടേത്

Screenshot
കണ്ണൂർ: ചിറക്കൽ കോവിലകം ചാമുണ്ഡി കോട്ടത്ത് ‘മുപ്പത്തൈവർ പീഠവഴക്ക’ സൂചകങ്ങളോടെ പൈതൃക മണ്ഡപം പുനർനിർമ്മിക്കാൻ തീരുമാനം. പരമ്പരാഗത കേരളീയ വാസ്തുശൈലിയിൽ കല്ലും മരവും ഓടും ഉപയോഗിച്ചാണ് മണ്ഡപം നിർമ്മിക്കുന്നത്. പ്രശസ്ത ശില്പി കെ.കെ.ആർ. വെങ്ങരയാണ് ഇതിന്റെ രൂപകല്പന നിർവഹിക്കുന്നത്. കോലത്തുനാടിന്റെ സാംസ്‌കാരികത്തനിമ സംരക്ഷിക്കുന്ന ഒരു വേദിയായി ഇതിനെ മാറ്റിയെടുക്കാനാണ് ചാമുണ്ഡി കോട്ടം കമ്മിറ്റി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ മേയ് മാസം ഉദ്ഘാടനം ചെയ്ത പൈതൃക മണ്ഡപം കാലവർഷത്തിൽ നിലംപൊത്തിയിരുന്നു. ആദ്യഘട്ട നിർമ്മാണത്തിലുണ്ടായ അപാകതകൾ ചാമുണ്ഡി കോട്ടത്ത് ചേർന്ന യോഗം ചർച്ച ചെയ്തു. തുടർന്ന്, വിശദമായ പ്ലാൻ തയ്യാറാക്കിയാണ് പുനർനിർമ്മാണം ആരംഭിക്കുന്നത്.
ചിറക്കൽ കോവിലകം ഉത്രട്ടാതി തിരുന്നാൾ സി.കെ. രാമവർമ്മരാജ യോഗം ഉദ്ഘാടനം ചെയ്തു. ചാമുണ്ഡി കോട്ടം സമിതി സെക്രട്ടറി സി.കെ. സുരേഷ് വർമ്മ പദ്ധതി വിശദീകരിച്ചു. ഡോ. സഞ്ജീവൻ അഴീക്കോട് (സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടർ), ബിജുല ഷാജി നമ്പ്യാർ (ടാക്സ് പ്രാക്ടീഷണർ), ഡോ. സുമ സുരേഷ് വർമ്മ, ഷീന ഷാജി (മാതൃ സമിതി പ്രസിഡന്റ്), പി.വി. സുകുമാരൻ എന്നിവർ സംസാരിച്ചു. വരവുചെലവ് കണക്ക് ബിജുല ഷാജി നമ്പ്യാർ അവതരിപ്പിച്ചു.







