അടിക്ക് തിരിച്ചടി, വിറപ്പിച്ച് കേപ് വെർദെ; നെഞ്ചിടിപ്പിനൊടുവിൽ അർജന്റീന പ്രീ-ക്വാർട്ടറിൽ!

Screenshot
മയാമി: വിശ്വവേദിയിൽ അട്ടിമറി ചരിത്രം ആവർത്തിക്കാനെത്തിയ കന്നിക്കാരായ കേപ് വെർദെയുടെ അസാമാന്യ പോരാട്ടവീര്യത്തെ അതിജീവിച്ച് അർജന്റീന പ്രീ-ക്വാർട്ടറിലേക്ക്. മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ 3-2 എന്ന സ്കോറിനാണ് അർജന്റീന വിജയിച്ചത്.
മത്സരത്തിന്റെ 29-ാം മിനിറ്റിൽ ലയണൽ മെസ്സി അർജന്റീനയെ മുന്നിലെത്തിച്ചു. എന്നാൽ 59-ാം മിനിറ്റിൽ ഡെറോയ് ഡുവാർട്ടെയിലൂടെ കേപ് വെർദെ സമനില പിടിച്ചു. നിശ്ചിത സമയത്ത് മത്സരം 1-1 എന്ന നിലയിൽ തുല്യത പാലിച്ചതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിന്റെ തുടക്കത്തിൽ (93′) ലിസാൻഡ്രോ മാർട്ടിനെസിലൂടെ അർജന്റീന വീണ്ടും ലീഡെടുത്തുവെങ്കിലും, 103-ാം മിനിറ്റിൽ സിഡ്നി ലോപ്സ് കാബ്രാൽ കേപ് വെർദെക്കായി വീണ്ടും സമനില ഗോൾ നേടി. തുടർന്ന് 111-ാം മിനിറ്റിൽ മെസ്സിയുടെ കോർണർ കിക്കിൽ നിന്ന് ക്രിസ്റ്റ്യൻ റൊമേറോ ഹെഡറിലൂടെ വിജയഗോൾ സ്വന്തമാക്കി അർജന്റീനയുടെ പ്രീക്വാർട്ടർ പ്രവേശനം ഉറപ്പിച്ചു. റൗണ്ട് ഓഫ് 16-ൽ ഈജിപ്താണ് അർജന്റീനയുടെ എതിരാളികൾ.









