തളിപ്പറമ്പിൽ പരിക്കേറ്റ ഉടുമ്പിനെ കണ്ടെത്തി; ശസ്ത്രക്രിയയിലൂടെ കാൽ നീക്കം ചെയ്തു

Screenshot
തളിപ്പറമ്പ്: ഞാറ്റുവയൽ കുളത്തിന് സമീപത്തെ വീട്ടുമുറ്റത്ത് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഉടുമ്പിന് വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തി. ബുധനാഴ്ച ഉച്ചയോടെയാണ് ഉടുമ്പിനെ വീട്ടുവളപ്പിൽ കണ്ടെത്തിയത്.
രക്ഷാപ്രവർത്തനം:
വീട്ടുകാർ നൽകിയ വിവരമനുസരിച്ച് തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.വി. സനൂപ് കൃഷ്ണന്റെ നിർദ്ദേശപ്രകാരം ഫോറസ്റ്റ് റെസ്‌ക്യുവർ അനിൽ തൃച്ചംബരം സ്ഥലത്തെത്തി ഉടുമ്പിനെ പിടികൂടി. കാലിന് സാരമായി പരിക്കേറ്റ ഉടുമ്പിനെ ഉടൻ തന്നെ തളിപ്പറമ്പ് വെറ്ററിനറി പോളിക്ലിനിക്കിൽ എത്തിക്കുകയായിരുന്നു.
ശസ്ത്രക്രിയയും തുടർനടപടികളും:
സീനിയർ വെറ്ററിനറി സർജൻ ഡോ. രേഷ്മ ദാമോദരൻ, വെറ്ററിനറി സർജൻ ഡോ. വി.ആർ. സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഉടുമ്പിന്റെ ഇടതുകാലിന് ഒരാഴ്ചയോളം പഴക്കമുള്ള മുറിവും അണുബാധയും എല്ല് പൊട്ടലും ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയയിലൂടെ കാൽ നീക്കം ചെയ്തു. രണ്ട് വയസ് പ്രായമുള്ള ഉടുമ്പിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും തുടർചികിത്സയ്ക്കും സംരക്ഷണത്തിനുമായി റെസ്‌ക്യുവർ അനിലിനെ ചുമതലപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.








