അടിക്ക് തിരിച്ചടി! ലോസ് ആഞ്ജലീസിൽ തീപാറിയ പോരാട്ടം; എലിജാ ജസ്റ്റ് തിളങ്ങിയ മത്സരത്തിൽ ന്യൂസീലൻഡിനെ സമനിലയിൽ തളച്ച് ഇറാൻ (2-2)

Screenshot
ലോസ് ആഞ്ജലീസ്: അക്ഷരാർത്ഥത്തിൽ അടിക്ക് തിരിച്ചടിയെന്ന വിധത്തിൽ മൈതാനത്ത് ആവേശം വിതറിയ ത്രില്ലർ പോരാട്ടം! ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജി-യിൽ നടന്ന ആവേശം വാനോളമുയർന്ന മത്സരത്തിൽ ഏഷ്യൻ കരുത്തരായ ഇറാനും ന്യൂസീലൻഡും രണ്ട് ഗോളുകൾ വീതം (2-2) അടിച്ച് സമനിലയിൽ പിരിഞ്ഞു. ന്യൂസീലൻഡിനായി എലിജാ ജസ്റ്റ് ഇരട്ട ഗോളുകൾ നേടി തിളങ്ങിയപ്പോൾ, രണ്ട് വട്ടം പിന്നിൽ പോയിട്ടും തളരാതെ പൊരുതിയ ഇറാനുവേണ്ടി റാമിൻ റെസയാനും മുഹമ്മദ് മൊഹിബിയുമാണ് വലകുലുക്കിയത്.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ ന്യൂസീലൻഡ് ഗോൾമുഖത്തേക്ക് ഇരച്ചുകയറി ഇറാൻ കളംനിറഞ്ഞു കളിക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ കളി തുടങ്ങി ഏഴാം മിനിറ്റിൽ തന്നെ കളിയുടെ ഗതിക്ക് വിപരീതമായി ന്യൂസീലൻഡ് ലീഡെടുത്തു. ഗോൾക്കീപ്പർ മാക്‌സ് ക്രോകോംബ് പ്രതിരോധ നിരയ്ക്ക് മുകളിലൂടെ നൽകിയ കൃത്യതയാർന്ന ലോങ് പാസ് സ്വീകരിച്ച്, സൂപ്പർ താരം ക്രിസ് വുഡ് നൽകിയ മനോഹരമായ അസിസ്റ്റിൽനിന്ന് എലിജാ ജസ്റ്റ് പന്ത് ഇറാന്റെ വലയിലെത്തിച്ചു (1-0).
എന്നാൽ ആദ്യ ഗോൾ വഴങ്ങിയെങ്കിലും ഇറാന്റെ നിരന്തരമായ പോരാട്ടങ്ങൾക്ക് 32-ാം മിനിറ്റിൽ ഫലം കണ്ടു. ബോക്‌സിനുള്ളിൽ ലഭിച്ച ഒരു ലൂസ് ബോൾ കൃത്യമായി വിനിയോഗിച്ച് റാമിൻ റെസയാൻ ഇറാനായി സമനില ഗോൾ കണ്ടെത്തി (1-1). ഇന്ത്യൻ വംശജനായ ന്യൂസീലൻഡ് താരം സർപ്രീത് സിങ് മധ്യനിരയിൽ നടത്തിയ മികച്ച പ്രകടനവും ആദ്യ പകുതിയുടെ സവിശേഷതയായിരുന്നു.
രണ്ടാം പകുതിയിലും ഇരു ടീമുകളും ആക്രമണം കടുപ്പിച്ചു. 54-ാം മിനിറ്റിൽ ക്രിസ് വുഡ്-എലിജ ജസ്റ്റ് സഖ്യം വീണ്ടും ഇറാന്റെ നെഞ്ചകം പിളർന്നു. വുഡിന്റെ പാസിൽ നിന്നും ജസ്റ്റ് തന്റെ രണ്ടാം ഗോളിലൂടെ ന്യൂസീലൻഡിന് 2-1 ന്റെ ലീഡ് സമ്മാനിച്ചു. എന്നാൽ പതറാതെ പോരാടിയ ഇറാൻ 64-ാം മിനിറ്റിൽ വീണ്ടും സമനില പിടിച്ചെടുത്തു. ആദ്യ ഗോൾ നേടിയ റെസായൻ നൽകിയ അളന്നുമുറിച്ചൊരു ക്രോസിൽ നിന്നും മുഹമ്മദ് മൊഹെബ്ബിയുടെ ഒരു തകർപ്പൻ ഹെഡ്ഡർ ന്യൂസീലൻഡ് വലയിൽ മുത്തമിട്ടു (2-2). തുടക്കം മുതൽ ഒടുക്കം വരെ ഇരു ടീമുകളും അറ്റാക്കിങ് ഫുട്‌ബോൾ പുറത്തെടുത്ത മത്സരം ഒടുവിൽ തുല്യശക്തികളുടെ പോരാട്ടമായി അവസാനിക്കുകയായിരുന്നു.







