വൈശാഖ മഹോത്സവംമൂന്നാം നാൾ ഭക്ത സാഗരമായി ഉത്സവനഗരി

കൊട്ടിയൂർ: വൈശാഖ മഹോത്സവം തുടങ്ങി മൂന്നാം നാൾ ഉത്സവനഗരി ഭക്തസാഗരമായി മാറി. സ്‌കൂളുകൾ തുറക്കുന്നതിന് മുൻപും ഉത്സവം തുടങ്ങി ആദ്യ ഞായറാഴ്ച എന്നതുമാണ് ഇത്രയേറെ തിരക്കുണ്ടാവാൻ ഇടയാക്കിയത് എന്ന് പറയുമ്പോഴും മലയാളികളേക്കാൾ കൂടുതൽ എത്തിയത് കർണ്ണാകത്തിൽ നിന്നെത്തിയ ഭക്തജനങ്ങളായിരുന്നു. ഞായറാഴ്ച പുലർച്ചെ മുതൽ തന്നെ ടൂറിസ്റ്റ് ബസ്സുകളിലടക്കം എത്തിയ സ്ത്രീകൾ അടക്കമുള്ള ഭക്തജനങ്ങൾ അക്കരെ സന്നിധിയിലേക്ക് ഒഴുകുകയായിരുന്നു. ഇതോടെ തിരുവൻചിറ ഭക്തജനങ്ങളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു. കത്തുന്ന വെയിലിനെ പോലും അവഗണിച്ചായിരുന്നു ഭക്തജനങ്ങൾ പെരുമാളെ തൊഴാൻ കാത്തുനിന്നത്. വൈകുന്നേരം മൂന്നു മണിവരെ നീണ്ടുനിന്ന വെയിലും ചൂടും പിന്നീട കനത്ത മഴക്ക് വഴിമാറി.
കൂടുതൽ പാർക്കിങ് സൗകര്യങ്ങൾ ഒരുക്കിയതും പോലീസ് സേനയുടെ ഇടപെടലും മുൻ വർഷങ്ങളിൽ ഉണ്ടാകാറുള്ള ഗതാഗതക്കുരുക്കിന് ശമനമുണ്ടാക്കിയിട്ടുണ്ട്.
അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ താൽക്കാലിക ശ്രീകോവിൽ നിർമ്മാണം ഞായറാഴ്ച മുതൽ ആരംഭിച്ചു. മുള, ഓട, ഞെട്ടിപ്പനയോല എന്നിവ ഉപയോഗിച്ചാണ് താൽക്കാലിക ശ്രീകോവിൽ നിർമ്മിക്കുക. ബ്രാഹ്‌മണസ്‌ഥാനികരുടെ നേതൃത്വത്തിലാണ് ശ്രീകോവിൽ
നിർമാണം നടത്തുക. ശ്രീകോവിൽ ഇല്ലാതെ മണിത്തറയിലാണ് പാരമ്പര്യമായ രീതിയിൽ തന്നെ പൂജകൾ നടത്തുക. മുൻ കാലങ്ങളെ അപേക്ഷിച്ച് ദേവസ്വം ഭക്തജനങ്ങൾക്കായി കൂടുതൽ സൗകര്യമൊരുക്കിയതും ഭജനങ്ങൾക്ക് അനുഗ്രഹമായി മാറുന്നുണ്ട്.







