‘രക്ഷാപ്രവർത്തന’ത്തിന് പുനരന്വേഷണം; പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ചു

Screenshot
തിരുവനന്തപുരം/ആലപ്പുഴ: കഴിഞ്ഞ സർക്കാർ ഭരണത്തിലിരിക്കെ ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു. മുഖ്യമന്ത്രിയായി വി.ഡി. സതീശൻ അധികാരമേറ്റതിന് പിന്നാലെയാണ് ഏറെ വിവാദമായ ഈ കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. സംഭവത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനും പുതിയ സർക്കാരിന്റെ കർശന നിർദേശമുണ്ട്.
എന്താണ് കേസ്?
2023 ഡിസംബറിൽ പിണറായി വിജയൻ നടത്തിയ നവകേരള യാത്രയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴയിൽ വെച്ച് വാഹനവ്യൂഹത്തിന് നേരെ കറുത്ത കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ തല്ലിച്ചതച്ചത്. ഇതിന്റെ ദൃശ്യങ്ങളും അന്ന് വലിയ രീതിയിൽ പുറത്തുവന്നിരുന്നു.
എന്നാൽ, മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും, അത് വെറുമൊരു ‘രക്ഷാപ്രവർത്തന’മാണെന്നും പറഞ്ഞ് പിണറായി വിജയൻ ഗൺമാൻമാരുടെ നടപടിയെ ന്യായീകരിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. അന്ന് കോൺഗ്രസ് നേതാക്കൾ ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയർത്തിയത്. പുതിയ സർക്കാർ അധികാരത്തിലേറിയതോടെ കേസിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് സൂചന.










