പെരിങ്ങത്തൂരിൽ മിന്നൽ പരിശോധന; 25 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി, കടകൾക്ക് പതിനായിരം രൂപ പിഴ

പാനൂർ/പെരിങ്ങത്തൂർ: തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പാനൂർ നഗരസഭാ പരിധിയിലെ പെരിങ്ങത്തൂരിൽ നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപകമായി നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. പെരിങ്ങത്തൂർ ടൗണിലെ ലുലു ക്രോക്കറി, കീർത്തി ബേക്കറി എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് 25 കിലോയിലധികം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.
ഒറ്റത്തവണ ഉപയോഗ നിരോധിത പ്ളാസ്റ്റിക് ക്യാരിബാഗുകൾ, പ്ലാസ്റ്റിക് കോട്ടിംഗുള്ള പേപ്പർ കപ്പുകൾ, പ്ലാസ്റ്റിക് കോട്ടിംഗുള്ള പേപ്പർ വാഴയില, ഗാർബേജ് ബാഗുകൾ, തെർമോകോൾ പ്ലേറ്റുകൾ എന്നിവയാണ് പിടികൂടിയത്. നിയമലംഘനം നടത്തിയ രണ്ട് സ്ഥാപനങ്ങൾക്കും പതിനായിരം രൂപ വീതം പിഴ ചുമത്താനും തുടർനടപടികൾ സ്വീകരിക്കാനും പാനൂർ നഗരസഭാ സെക്രട്ടറിക്ക് ജില്ലാ സ്‌ക്വാഡ് നിർദ്ദേശം നൽകി.
വിവരം നൽകുന്നവർക്ക് പാരിതോഷികം
ഇരുചക്രവാഹനങ്ങളിലും മറ്റുമായി ഇത്തരം നിരോധിത ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നവരെ കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് 9446 700 800 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യാവുന്നതാണ്. വിവരം നൽകുന്നവർക്ക് നിയമലംഘകരിൽ നിന്നും ഈടാക്കുന്ന പിഴയുടെ 25 ശതമാനം പാരിതോഷികമായി ലഭിക്കുന്നതാണ്.
പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ കെ.ആർ. അജയകുമാർ, പ്രവീൺ പി.എസ്, പി. വിജയൻ, പാനൂർ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജോയ് എം, വിസിയ എ എന്നിവർ പങ്കെടുത്തു.







