തളിപ്പറമ്പിൽ ചരിത്രം കുറിച്ച കഥകളി വിരുന്ന്; കഥകളി കേന്ദ്രത്തിന്റെ ‘കേളീരവം-26’ ശ്രദ്ധേയമായി

Screenshot
തളിപ്പറമ്പ്: തളിപ്പറമ്പ് കഥകളി കേന്ദ്രത്തിൻ്റെ പതിനൊന്നാം വാർഷികമായ ‘കേളീരവം-26’ന്റെ ഭാഗമായി ബ്രഹ്മസ്വം മഠത്തിൽ തുടർച്ചയായി 5 ദിവസങ്ങളിൽ അരങ്ങേറിയ കഥകളി മേള ആസ്വാദകർക്ക് നവ്യാനുഭവമായി. ഒരേ വേദിയിൽ 5 ദിവസം തുടർച്ചയായി കഥകളി അവതരിപ്പിച്ചുകൊണ്ട് തളിപ്പറമ്പ് കഥകളി കേന്ദ്രം പ്രദേശത്തെ കലാരംഗത്ത് പുതിയൊരു ചരിത്രം കുറിക്കുകയായിരുന്നു.
കഥകളി കേന്ദ്രത്തിലെ മുപ്പതോളം പഠിതാക്കൾ വേഷം, പാട്ട്, മദ്ദളം, ചെണ്ട തുടങ്ങിയ വിഷയങ്ങളിൽ തങ്ങളുടെ മികവ് തെളിയിച്ചപ്പോൾ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല്പതോളം പ്രൊഫഷണൽ കലാകാരന്മാരും അരങ്ങിലെത്തി.
അരങ്ങുണർന്ന അഞ്ച് ദിനങ്ങൾ
കേളി, പുറപ്പാട്, രുഗ്‌മിണി സ്വയംവരം, സുഭദ്രാഹരണം, നളചരിതം ഒന്നാം ദിവസം, ഉത്തരാസ്വയംവരം, സന്താന ഗോപാലം, കല്യാണ സൌഗന്ധികം, കർണ്ണശപഥം, ദുര്യോധന വധം തുടങ്ങി ഒട്ടേറെ വൈവിധ്യമാർന്ന കഥകളാണ് അഞ്ച് ദിവസങ്ങളിലായി അരങ്ങേറിയത്.
കേളിയിൽ മഹി വാര്യർ (മദ്ദളം), ദർശ്ശക് ഉണ്ണികൃഷ്ണൻ (ചെണ്ട), അരവിന്ദ് കാരിശ്ശേരി, അച്യുത് ജനീഷ്, അനയ് കൃഷ്ണ എന്നിവർ മികവ് തെളിയിച്ചു. ദേവജിത്, ദേവനന്ദ, ശ്രീലത വാര്യർ, സൻമയ, അതുൽ കൃഷ്ണ, ജയശ്രീ വെങ്കിലോട്ട്, ഗീതാഞ്ചലി, ശിവാനി, നക്ഷത്ര, കൽഹാര, ആദിത, ആദിദ്, അനൈത്യ, ഗൌരി ശങ്കർ, അഭിന, ദിയ, നീലാഞ്ചന, സഞ്ചന, മായ, രമണി മണിയേരി, ആദി നാരായൺ, വേദ് ആര്യൻ, കൌശിക്ക്, ദേവ് ആര്യൻ തുടങ്ങിയവർ വേഷങ്ങളിൽ അരങ്ങിലെത്തി. സംഗീത വിഭാഗത്തിൽ സന്ധ്യ എം.പി, ശിവാനി കൃഷ്ണ എന്നിവരും പങ്കെടുത്തു.








