വിമതനായ ടി.കെ. ഗോവിന്ദനെ സി.പി.എം പുറത്താക്കും, സ്വന്തം നാട്ടിൽ മരുമകളുടെ നേതൃത്വത്തിൽ പ്രതിഷേധം

Screenshot
തളിപ്പറമ്പ്: നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനെതിരെ വിമത സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദനെ പാർട്ടിയിൽ നിന്നും പുറത്താക്കിയേക്കും. ഇതിനായി ഇന്നോ നാളെയോ അടിയന്തര ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരും. ജില്ലാ സെക്രട്ടറിയേറ്റ് അംഗത്വത്തിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് പുറത്താക്കുക.
ടി.കെ. ഗോവിന്ദൻ നേരത്തെ തന്റെ രാജി കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന് നൽകിയിട്ടുണ്ടെങ്കിലും ഇത് സ്വീകരിക്കാതെ അച്ചടക്ക നടപടിയുടെ ഭാഗമായി തന്നെ പുറത്താക്കാനാണ് തീരുമാനം. പാർട്ടി അച്ചടക്കം ലംഘിച്ച് മാധ്യമങ്ങൾക്ക് മുൻപിൽ പാർട്ടിയെ അപകീർത്തിപ്പെടുത്തിയതിനും സംസ്ഥാന സെക്രട്ടറിക്കെതിരെ അവാസ്തവമായ ആരോപണങ്ങൾ ഉന്നയിച്ചതിനുമാണ് നടപടി. ഈ തീരുമാനം ജില്ലാ കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയ ശേഷം ഏരിയാ-ലോക്കൽ ബോഡികളിൽ റിപ്പോർട്ട് ചെയ്യും.
മരുമകളുടെ നേതൃത്വത്തിൽ പ്രതിഷേധം:
ഇന്നലെ ടി.കെ. ഗോവിന്ദന്റെ നാടായ മലപ്പട്ടത്ത് അദ്ദേഹത്തിനെതിരെ പാർട്ടി പ്രവർത്തകർ വൻ പ്രകടനം നടത്തി. മലപ്പട്ടം ലോക്കൽ കമ്മിറ്റി നടത്തിയ ഈ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകിയത് ടി.കെ. ഗോവിന്ദൻ്റെ മരുമകളും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ. സുലേഖയാണ് എന്നത് ശ്രദ്ധേയമായി. ആരോപണങ്ങൾക്ക് മറുപടി പറയാൻ നാളെ വൈകിട്ട് മലപ്പട്ടത്ത് നടക്കുന്ന വിശദീകരണ യോഗത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ജയരാജൻ സംസാരിക്കും. ഗോവിന്ദൻ കാണിച്ചത് വർഗവഞ്ചനയാണെന്ന് ജയരാജൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.





