ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 22-കാരനായ ഡ്രൈവർക്ക് ദാരുണാന്ത്യം

തളിപ്പറമ്പ്: പരിയാരം കാരക്കുണ്ടിൽ ചെങ്കൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവായ ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. അരിപ്പാമ്പ്ര റഹ്മാനിയ മസ്ജിദിന് സമീപം താമസിക്കുന്ന സി. ബഷാർ (22) ആണ് അതിദാരുണമായി മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12:45-നായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്.
അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അരിപ്പാമ്പ്ര സ്വദേശി അഭിഷിത്ത് (19), അസം സ്വദേശി നജിറുൽ (26), ചീമേനി സ്വദേശി റോബിൻസ് (37) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ അഭിഷിത്ത്, നജിറുൾ എന്നിവരെ ആദ്യം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റോബിൻസ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.
ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻവശം പൂർണമായി തകർന്നിട്ടുണ്ട്. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ പരിയാരം പോലീസും നാട്ടുകാരും ചേർന്നാണ് വാഹനങ്ങളിൽ കുടുങ്ങിയവരെ പുറത്തെടുത്ത് അതിവേഗം ആശുപത്രിയിൽ എത്തിച്ചത്.







