ഗാസയില്‍ ബന്ദി മോചനം ആരംഭിച്ചു; ഹമാസ് ആദ്യം കൈമാറിയത് ഏഴുപേരെ
ടെൽ അവീവ് / ഗാസ് സിറ്റി: രണ്ടുവർഷത്തെ രക്തരൂക്ഷിത സംഘർഷത്തിന് ശേഷം ഗാസയിൽ സമാധാനത്തിന്റെ പുതിയ കിരണങ്ങൾ തെളിയുന്നു. ബന്ദി മോചനത്തിന്റെ ഭാഗമായി ഹമാസ് ആദ്യഘട്ടമായി ഏഴ് ഇസ്രായേലി പൗരന്മാരെ റെഡ് ക്രോസ് (ICRC) കമ്മിറ്റിക്ക് കൈമാറി.
ഇന്ന് മോചിപ്പിക്കപ്പെടുന്ന 20 ജീവനോടെയുള്ള ഇസ്രായേലി ബന്ദികളുടെ വിവരങ്ങൾ ഹമാസ് ഇതിനകം ഇസ്രായേലിന് കൈമാറിയിട്ടുണ്ട്. ബന്ദികളെ സ്വീകരിക്കുന്നതിനും മരിച്ചവരുടെ മൃതദേഹങ്ങൾ തിരികെ കൊണ്ടുവരുന്നതിനുമായി ഇസ്രായേൽ ആരോഗ്യവ്യവസ്ഥ മുഴുവൻ സജ്ജമായിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ബന്ദി മോചനത്തിന്റെ വാർത്ത പുറത്തുവന്നതോടെ, ഇസ്രായേലിൽ ജനങ്ങൾ തെരുവുകളിലേക്കിറങ്ങി വലിയ ആഘോഷമൊരുക്കി.
ഇസ്രായേലി ബന്ദികളുടെ മോചനത്തിനുപകരം, ഗാസക്കാരുള്‍പ്പെടെ ഏകദേശം 2000 പലസ്തീനികളെ മോചിപ്പിക്കാൻ ഇസ്രായേൽ സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.
ഹമാസ് അവരുടെ പ്രസ്താവനയിൽ വ്യക്തമാക്കി:
“റെഡ് ക്രോസിന് ഏഴ് ബന്ദികളെ കൈമാറി. ഇസ്രായേൽ അവരുടെ ബാധ്യതകൾ പാലിക്കുന്നിടത്തോളംകാലം ഞങ്ങൾ വെടിനിർത്തൽ കരാർ പാലിക്കും. ഈ കരാർ നമ്മുടെ ജനതയുടെ ഉറച്ച പ്രതിരോധത്തിന്റെയും ധൈര്യത്തിന്റെയും ഫലമാണ്.”
അതേസമയം, വെടിനിർത്തൽ കരാറിനായി നിർണായകമായ പങ്കുവഹിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇന്ന് ഇസ്രായേലിലെത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു. എയർഫോഴ്‌സ് വൺ വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ ഗാസയിൽ നിന്നുള്ള ബന്ദി മോചനം തത്സമയം കാണുകയായിരുന്നുവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് അറിയിച്ചു.
