‘ലോകം മുഴുവന്‍ ഞാനായതായി തോന്നുന്നു’; വിൻഡീസിനെ തകർത്തതിന് പിന്നാലെ മനസ്സ് തുറന്ന് മാൻ ഓഫ് ദി മാച്ച് സഞ്ജു സാംസൺ

കൊല്‍ക്കത്ത: ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിർണായക മത്സരത്തിൽ ഇന്ത്യയെ ഒറ്റയ്ക്ക് വിജയത്തിലേക്ക് നയിച്ചത് മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിംഗ്സാണ്. 50 പന്തില്‍ പുറത്താവാതെ സഞ്ജു നേടിയ 97 റണ്‍സിന്റെ മികവിലാണ് ഇന്ത്യ രാജകീയമായി സെമി ഫൈനലിലേക്ക് മാർച്ച് ചെയ്തത്. 4 സിക്സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു മത്സരത്തിലെ താരമായി (Player of the Match) തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവിന്റെ വിസ്മയ പ്രകടനം.
അവസാന ഓവറില്‍ ജയിക്കാന്‍ 7 റണ്‍സ് വേണ്ടിയിരുന്നപ്പോൾ റൊമാരിയോ ഷെപ്പേര്‍ഡിന്റെ ആദ്യ പന്ത് തന്നെ സഞ്ജു സിക്സര്‍ പറത്തിയിരുന്നു. പിന്നാലെ ഫോറുമടിച്ച് ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റിന്റെ ആധികാരിക ജയം താരം സമ്മാനിച്ചു. ഇതിന് പിന്നാലെയാണ് തന്റെ സന്തോഷം സഞ്ജു സാംസൺ തുറന്നുപറഞ്ഞത്.
സഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ:
“ലോകം മുഴുവന്‍ ഞാനായതായി തോന്നുന്നു. കളിക്കാന്‍ തുടങ്ങിയ ദിവസം മുതല്‍, രാജ്യത്തിനായി കളിക്കാന്‍ സ്വപ്നം കണ്ട ദിവസം മുതല്‍, ഞാന്‍ കാത്തിരുന്ന ദിവസമാണിത്. ഞാന്‍ കടപ്പെട്ടിരിക്കും. എന്റെ യാത്രയില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിരുന്നു. ഞാന്‍ എന്നെത്തന്നെ സംശയിച്ചിരുന്നു. ‘എന്ത് സംഭവിക്കും’, ‘എനിക്ക് സാധിക്കുമോ’ എന്നൊക്കെ ചിന്തിച്ചിരുന്നു. പക്ഷെ ഞാന്‍ വിശ്വസിക്കുന്നത് തുടര്‍ന്നു. ഇന്ന് എന്നെ അനുഗ്രഹിച്ചതിന് സര്‍വ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു. ഞാന്‍ വളരെ സന്തോഷവാനാണ്.”
വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ ഇതിഹാസങ്ങളിൽ നിന്നും താൻ ഒരുപാട് പഠിച്ചിട്ടുണ്ടെന്നും സഞ്ജു വ്യക്തമാക്കി.
“ഞാന്‍ വളരെക്കാലമായി ഈ ഫോര്‍മാറ്റ് കളിക്കുന്നുണ്ട്. വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ ഇതിഹാസങ്ങള്‍ കളിക്കുന്നത് ഡഗ്ഔട്ടില്‍ ഇരുന്ന് ഞാന്‍ പഠിക്കാറുണ്ടായിരുന്നു. ഞാനൊരു കൂട്ടുകെട്ട് കെട്ടിപ്പടുക്കാന്‍ ആഗ്രഹിച്ചു. ഞാന്‍ ഇത്രയും മികച്ചൊരുകാര്യം ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളില്‍ ഒന്നാണിത്. ആരാധകര്‍ ഒരുപാട് പിന്തുണയും ഊര്‍ജ്ജവും നല്‍കുന്നുണ്ട്. ഞാന്‍ പന്ത് കൃത്യമായി നിരീക്ഷിച്ച് ഷോട്ടുകള്‍ കളിച്ചു. എന്നില്‍ത്തന്നെ വിശ്വസിച്ചു.” സഞ്ജു പറഞ്ഞുനിര്‍ത്തി.
സെമിയിൽ എതിരാളികൾ ഇംഗ്ലണ്ട്:
വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ അവസാന നാലിലെത്തുന്നത്. കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് നേടിയത്. 25 പന്തില്‍ 40 റണ്‍സ് നേടിയ റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ സഞ്ജുവിന്റെ മികവിൽ 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സെമി ഫൈനലിൽ ശക്തരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി.









