July 14, 2025

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

img_0601-1.jpg

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള (95) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ദീര്‍ഘനാളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി മുക്കോലയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. മൂന്നു തവണ രാജ്യസഭാ എം പി,രണ്ടു തവണ നിയമസഭാംഗം,രണ്ടു തവണ കെപിസിസി പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ച തെന്നല ബാലകൃഷ്ണപിള്ള കൊല്ലം ജില്ലയിലെ ശൂരനാട് സ്വദേശിയാണ്. മികച്ച സഹകാരിയും സൗമ്യനും മിതഭാഷിയും കളങ്കമേൽക്കാത്ത രാഷ്ട്രീയ ജിവിതത്തിനുടമയുമായ തെന്നല ഗ്രൂപ്പുകൾക്കതീതനായ കോൺഗ്രസുകാരനായാണ് സ്വയം അടയാളപ്പെടുത്തിയത്

തൈക്കാട് ശാന്തികവാടത്തില്‍ നാളെ ഉച്ചയ്ക്കാണ് സംസ്കാരം.  മൂത്ത സഹോദരനെയാണ് നഷ്ടമായതെന്ന് എ.കെ. ആന്‍റണി പറഞ്ഞു. കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ അവസാനവാക്കായിരുന്നു അദ്ദേഹമെന്നും എല്ലാ പാര്‍ട്ടിക്കാര്‍ക്കും സ്വീകാര്യനായിരുന്നുവെന്നും ആന്‍റണി അനുസ്മരിച്ചു. പാര്‍ട്ടിക്ക് മാര്‍ഗനിര്‍ദേശിയായ നേതാവായിരുന്നു തെന്നലയെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. തികഞ്ഞ മാന്യനും മാതൃകയുമായിരുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഓര്‍ത്തെടുത്തു. 

1931 മാർച്ച് 11–ന് ശൂരനാട് തെന്നല വീട്ടിൽ എൻ.ഗോവിന്ദപിള്ളയുടേയും ഈശ്വരിഅമ്മയുടേയും പുത്രനായി ജനിച്ചു. തിരുവനന്തപുരം എംജി കോളജിൽ നിന്ന് ബിഎസ്്സിയില്‍ ബിരുദം നേടി. ശൂരനാട് വാർഡ് കമ്മറ്റിയംഗമായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. ബ്ളോക്ക് കമ്മറ്റി അധ്യക്ഷനും കൊല്ലം ഡിസിസി ട്രഷററുമായിരുന്ന തെന്നല 1972 മുതൽ അഞ്ചുവർഷത്തോളം കൊല്ലം ഡിസിസി അധ്യക്ഷനുമായി പ്രവർത്തിച്ചു. ദീർഘകാലം കെപിസിസി സെക്രട്ടറിയുമായിരുന്ന അദ്ദേഹം 1998–ലും പിന്നീട് 2004–ലും കെപിസിസി അധ്യക്ഷനുമായി. ഒരിക്കൽപോലും മത്സരത്തിലൂടെയല്ല പാർട്ടിസ്ഥാനങ്ങളിലെത്തിയത്.  അടൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1977–ലും 1982–ലും നിയമസഭയിലെത്തി. 1967,80,87 വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു. 1991ലും 1992-ലും 2003–ലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സതിദേവിയാണ് ഭാര്യ.നീത ഏക മകൾ.

പദവികൾ തേടിയെത്തിയ സൗമ്യവ്യക്തിത്വം

സൗമ്യൻ, മൃദുഭാഷി, സുസ്‌മേരവദനൻ, കളങ്കമേൽക്കാത്ത രാഷ്‌ട്രീയ ജീവിതത്തിന്റെ ഉടമ… തെന്നലയ്‌ക്കു വിശേഷണങ്ങൾ ഏറെയാണ്. മണ്ഡലം, ബ്ലോക്ക്, ഡി. സി. സി, കെ. പി. സി. സി. തലങ്ങളിൽ പാർട്ടി ഭാരവാഹിയായി പ്രവർത്തിച്ചപ്പോഴെല്ലാം തെന്നല വിവാദങ്ങൾക്ക് അതീതനായിരുന്നു. പാർട്ടിക്കു വേണ്ടി പലതും ചെയ്‌തെങ്കിലും പാർട്ടിയോട് ഒന്നും ചോദിച്ചുവാങ്ങാൻ അദ്ദേഹം തയാറായിട്ടില്ല. എന്നാൽ മാറ്റുകുറയാത്ത വിശ്വസ്തയുടേയും കൂറിന്റെയും പ്രതിഫലമായി പാർട്ടി  പദവികൾ അദ്ദേഹത്തെ തേടിച്ചെന്നു. 

‘മറ്റെല്ലാം പരാജയപ്പെടുമ്പോൾ തെന്നല’ എന്നത് പ്രശ്നവേളകളിൽ കോൺഗ്രസിന്റെ  വിജയഫോർമുലയായിരുന്നു. പാർട്ടിയിലെ ഗ്രൂപ്പ് വ്യാധികൾക്ക് തെന്നല ബാലകൃഷ്‌ണപിള്ളയെന്ന സിദ്ധൗഷധം പലതവണ പരീക്ഷിക്കപ്പെട്ടു. ഉൾപ്പോരുകൾ ലക്ഷ്‌മണരേഖ ലംഘിക്കുമ്പോൾ തെന്നല കമ്മിറ്റിയെ പ്രശ്‌നപരിഹാരത്തിനു നിയോഗിക്കുക കോൺഗ്രസിലെ പതിവു പാരമ്പര്യം. തർക്കങ്ങളുടെ കൊടുങ്കാറ്റു വീശുമ്പോൾ ഇളംതെന്നൽ പോലെ കടന്നുവരുന്ന തെന്നല അതു ശമിപ്പിക്കുന്നതിൽ വഹിച്ച പങ്കു ചില്ലറയല്ല.

’89ൽ തദ്ദേശഭരണ സ്‌ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനെച്ചൊല്ലി തർക്കമുണ്ടായപ്പോൾ, ’92ൽ സംഘടനാ തിരഞ്ഞെടുപ്പിനെ തുടർന്നു ഗ്രൂപ്പുകൾ കൊമ്പുകോർത്തപ്പോൾ, ’96ൽ വീണ്ടും തദ്ദേശഭരണ സ്‌ഥാപനങ്ങളിലെ തിരഞ്ഞെടുപ്പു കോൺഗ്രസിൽ പൊട്ടിത്തെറിക്കു വഴിവച്ചപ്പോൾ,ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കരുണാകരൻ പരാജയപ്പെട്ടപ്പോൾ, നിയമസഭാ ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ സമിതി പ്രചരണസമിതിഉണ്ടാക്കിയപ്പോൾ. പ്രതിസന്ധികളിലും പ്രശ്നവേളകളിലും തെന്നലയുടെ സാന്ത്വന സ്‌പർശമാണു പാർട്ടിയെ കാര്യമായ ക്ഷതമില്ലാതെ രക്ഷിച്ചത്. 

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger