ജനകീയബ്ളോഗറുടെ ദുരന്തത്തിൽ നടുങ്ങി കണ്ണൂരിലെ സൈബർ ലോകം: നാടിന് നോവായി ശിവത്തിൽ അനൂപ്

Screenshot
കണ്ണൂർ: മാഹി പള്ളി പെരുന്നാൾ ആഘോഷ പരിപാടികൾ ചിത്രീകരിക്കാൻ പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ സോഷ്യൽ മീഡിയ വ്ളോഗർ ശിവത്തിൽ അനൂപ് (44) അന്തരിച്ചു. സംഭവത്തിൽ കൂടെയുണ്ടായിരുന്ന താണ മൂര്യന്റകത്ത് ഷബീറിനെ (36) ഗുരുതര പെങ്കുട്ടുകളോടെ ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനിടയാക്കിയ കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി പരിശോധനാ ഫലത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. മാഹി സ്വദേശി വി. വിധു കൃഷ്ണയെ എടക്കാട് പോലീസ് നരഹത്യയടക്കം വിവിധ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി 8 മണിയോടെ പുതിയ ദേശീയപാതയിൽ നടാൽ ഊർപ്പഴശ്ശിക്കാവിനു സമീപത്തുവെച്ചായിരുന്നു ദാരുണമായ സംഭവം. മാഹിയിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന അനൂപിനും ഷബീറിനും പിന്നിൽ അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും ദേശീയപാതയുടെ മുകളിൽ നിന്ന് സർവീസ് റോഡിലേക്ക് തെറിച്ചുവീണു. ഇതിൽ ഒരാൾ ഇതുവഴി പോകുകയായിരുന്ന ബൈക്കിനു മുകളിലേക്കാണ് വീണത്.
അപകടവിവരമറിഞ്ഞ് ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന എടക്കാട് എസ്.ഐ. കെ. നിഷാദും സംഘവും ചേർന്ന് ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഗുരുതരമായി പരിക്കേറ്റ അനൂപിന്റെ ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ കോർപ്പറേഷൻ റിട്ട. ജീവനക്കാരൻ പരേതനായ അരുണിന്റെയും രാധയുടെയും മകനാണ്. സഹോദരങ്ങൾ: രേഖ, പരേതയായ രാഖി.
കണ്ണൂർ നഗരത്തിലെ ജനങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങൾ ബന്ധപ്പെട്ട അധികൃതരുടെ മുൻപിലെത്തിക്കാനും പരിഹാരം കാണാനും സജീവമായി ഇടപെട്ടിരുന്ന പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും വ്ളോഗറുമായിരുന്നു അനൂപ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാടും സുഹൃത്തുക്കളും.







