കവിയും അധ്യാപകനുമായ ഡോ. എ.സി. ശ്രീഹരി അന്തരിച്ചു

Screenshot
കണ്ണൂർ: കവിയും പയ്യന്നൂർ കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനും പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ ഡോ. എ.സി. ശ്രീഹരി (56) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. വടക്കേ മലബാറിന്റെ സാംസ്കാരിക മുഖമായിരുന്ന അദ്ദേഹം ഉത്തരാധുനിക മലയാള കവിതാരംഗത്തെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.
പയ്യന്നൂർ ആലപ്പടമ്പ് ഗ്രാമത്തിൽ എ.സി. ദാമോദരൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജനത്തിന്റെയും മകനായി 1969 നവംബർ 24-നാണ് അദ്ദേഹം ജനിച്ചത്. വിവിധ കോളേജുകളിലെ പഠനത്തിന് ശേഷം 2015-ൽ കണ്ണൂർ സർവ്വകലാശാലയിൽ നിന്നും അദ്ദേഹം പി.എച്ച്.ഡി നേടി. അദ്ദേഹത്തിന്റെ കവിതകൾ കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ പാഠപുസ്തകമായി പഠിപ്പിക്കുന്നുണ്ട്. ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ ver 5.25’ എന്ന സിനിമയിലെ ‘ഓമൽ പൂവെ…’ എന്ന ഗാനത്തിലൂടെയും അദ്ദേഹം ശ്രദ്ധേയനായി. എൻ.എൻ. കക്കാട് അവാർഡ്, വി.ടി. കുമാരൻ അവാർഡ്, വൈലോപ്പിള്ളി അവാർഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഭാര്യ: കെ. സംഗീത. മകൻ: എ.സി. ശ്രീഹർഷൻ.







