മാക്കൂട്ടം ചുരം പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം; മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു

Screenshot
ഇരിട്ടി: കൊട്ടിയൂർ തീർത്ഥാടകരുടെ വൻ പ്രവാഹവും കാലവർഷക്കെടുതികളും മാക്കൂട്ടം ചുരം പാതയിലെ ഗതാഗതം താറുമാറാക്കുന്നു. തിങ്കളാഴ്ച പുലർച്ചെ പാതയിൽ മരം വീണതിനെത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലേക്ക് പോകുന്ന ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി. അഗ്നിരക്ഷാസേന എത്തി മരം മുറിച്ചുമാറ്റി രാവിലെ 8.30-ഓടെയാണ് ഗതാഗതം പൂർണ്ണമായും പുനഃസ്ഥാപിച്ചത്.
കർണ്ണാടകയിൽ നിന്നും എത്തുന്ന തീർത്ഥാടകരുടെ തിരക്കാണ് നിലവിൽ പാതയിൽ വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയതിനെത്തുടർന്ന് വാഹനങ്ങൾ കൂടുതലായി ഈ പാതയെ ആശ്രയിക്കുന്നത് പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. കാലവർഷം തുടങ്ങിയ ശേഷം ഇത് മൂന്നാം തവണയാണ് മരം വീണ് ഇവിടെ ഗതാഗതം തടസ്സപ്പെടുന്നത്.







