ചരക്കുകപ്പലിന് തീപ്പിടിച്ചു.

ബേപ്പൂർ: കേരള സമുദ്രാതിര്‍ത്തിയില്‍ ചരക്കുകപ്പലിന് തീപ്പിടിച്ചു. കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പോകുന്ന ചരക്കുകപ്പലിനാണ് തീപ്പിടിച്ചത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 145 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം. സിംഗപ്പുര്‍ പതാക വഹിക്കുന്ന വാന്‍ ഹായ് 503 എന്ന ചൈനീസ് കപ്പലാണ് അപകടത്തില്‍പ്പെട്ടത്
കപ്പലില്‍ പൊട്ടിത്തെറികള്‍ ഉണ്ടായതായും വിവരമുണ്ട്. കപ്പലിലെ ജീവനക്കാരില്‍ 18 പേരെ രക്ഷപ്പെടുത്തി. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല.
ബേപ്പൂരില്‍നിന്ന് 78 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് കപ്പലുള്ളതെന്നാണ് കോസ്റ്റ് ഗാര്‍ഡില്‍നിന്ന് ലഭിക്കുന്ന വിവരം. അഴീക്കൽ തുറമുഖവുമായി അടുത്ത് കിടക്കുന്ന പ്രദേശത്താണ് അപകടം നടന്നിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് കപ്പല്‍ കൊളംബോയില്‍ നിന്ന് പുറപ്പെട്ടത്.
കോസ്റ്റ് ഗാർഡിന്‍റെ കപ്പലുകളും നാവികസേനയുടെ ഐഎന്‍എസ് സൂറത്ത് എന്ന കപ്പലും രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടിട്ടുണ്ട്. രാവിലെ 10 മണിക്കാണ് കപ്പല്‍ അപകടത്തില്‍ പെട്ട വിവരം ലഭിക്കുന്നത്. അപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി കപ്പലിനെ അയച്ചു. ഈ കപ്പല്‍ ഉടന്‍ തന്നെ തീപ്പിടിച്ച കപ്പലിന് സമീപത്തെത്തും. കോസ്റ്റ് ഗാര്‍ഡിന്റെ ഡ്രോണിയര്‍ വിമാനം നിരീക്ഷണത്തിനായി സ്ഥലത്തെത്തി.
50 കണ്ടെയ്‌നറുകള്‍ വെള്ളത്തില്‍ പതിച്ചതായാണ് വിവരം. 650-ഓളം കണ്ടെയ്‌നറുകള്‍ കപ്പലില്‍ ഉണ്ടായിരുന്നു. കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നല്കുവാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്താൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് നിർദേശം നല്കുവാൻ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് നിർദേശിച്ചിട്ടുണ്ട്.