പടിയൂർ ഇരട്ടക്കൊല; പ്രതി പ്രേംകുമാർ കേദാർനാഥിൽ മരിച്ച നിലയിൽ

തൃശൂർ: പടിയൂരിൽ ഭാര്യയെയും ഭാര്യ മാതാവിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രേംകുമാറിനെ കേദാർനാഥിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി വിവരം. ഉത്തരാഖണ്ഡിലെ കേദാർനാഥിലുള്ള വിശ്രമകേന്ദ്രത്തിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചത് പ്രേംകുമാർ തന്നെയാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. അതേസമയം, പ്രേംകുമാറിനെ പിടികൂടാനായി നിയോഗിച്ച പ്രത്യേക സംഘം ഉത്തരേന്ത്യയിലുണ്ടെന്നും അവർ അവിടെയെത്തി ഉറപ്പിച്ച ശേഷം മാത്രമേ മരിച്ചത് പ്രേംകുമാർ തന്നെയെന്ന് സ്ഥിരീകരിക്കുകയുള്ളൂവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ‘മാധ്യമങ്ങളോട് പറഞ്ഞു.
പടിയൂരിലെ ഇരട്ടക്കൊലയ്ക്കു ശേഷം ഒളിവിൽ പോയ പ്രേംകുമാറിനു വേണ്ടി മറ്റ് സംസ്ഥാനങ്ങളിൽ അന്വേഷണം തുടരുന്ന തൃശൂരിൽ നിന്നുള്ള പൊലീസ് സംഘം ഡൽഹിയിൽ ക്യാമ്പ് ചെയ്യുന്നതിനിടെയാണ് പ്രതി കേദാർനാഥിൽ മരിച്ചെന്ന വിവരം കിട്ടുന്നത്. ഇവർ കേദാർനാഥിലേക്ക് തിരിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്നും അഞ്ഞൂറു കിലോമീറ്ററിലധികം ദൂരമാണ് ഉത്തരാഖണ്ഡിലേക്കുള്ളത്. അവിടെ നിന്നും കേദാർനാഥിലേക്ക് എത്താൻ പിന്നെയും സമയമെടുക്കുമെന്നതിനാൽ മരിച്ചത് പ്രേംകുമാർ തന്നെയാണെന്ന കേരള പൊലീസിന്‍റെ ഔദ്യോഗിക സ്ഥിരീകരണത്തിന് സമയമെടുക്കുമെന്നാണ് സൂചന. പ്രേംകുമാറിന്‍റേത് ആത്മഹത്യയാണോ സ്വാഭാവിക മരണമാണോ എന്ന കാര്യത്തിലും വ്യക്തത ലഭിച്ചിട്ടില്ല.
പടിയൂർ പഞ്ചായത്ത് ഓഫിസിനു സമീപം താമസിക്കുന്ന കാറളം വെള്ളാനി കൈതവളപ്പിൽ മണി (74), മകൾ രേഖ (43) എന്നിവരെയാണ് പ്രേംകുമാർ കൊലപ്പെടുത്തിയത്. 2019ൽ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് കോട്ടയം സ്വദേശിയായ പ്രേംകുമാർ രേഖയെ വിവാഹം കഴിച്ചത്