സര്‍ഗ്ഗ രാമന്തളി കെട്ടിടോദ്ഘാടനം 22ന് സിനിമാ താരം വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.

പയ്യന്നൂര്‍: ജീവകാരുണ്യ-സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിച്ചുവരുന്ന യുവാക്കളുടെ കൂട്ടായ്മയായ സര്‍ഗ്ഗ രാമന്തളി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 22ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഞായറാഴ്ച്ചവൈകുന്നേരം അഞ്ച് മണിക്ക് പ്രശസ്‌തസിനിമാതാരം വിജയരാഘവന്‍ കെട്ടിടോദ്ഘാടനം നിര്‍വ്വഹിക്കും. സര്‍ഗ്ഗ പ്രസിഡന്റ് ഗംഗാധരന്‍ കക്കോപ്രത്ത് അദ്ധ്യക്ഷത വഹിക്കും. രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.ശശി മുഖ്യാതിഥിയാകും. സര്‍ഗ്ഗ സെക്രട്ടറി സജിത് കാട്ടൂര്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ദിനേശന്‍, രക്ഷാധികാരികളായ പി.പി.പവിത്രന്‍, ടി.കെ.നാരായണന്‍, സര്‍ഗ്ഗ വനിതാവേദി പ്രസിഡന്റ് ദിവ്യ രാമചന്ദ്രന്‍, നിഷ മനോജ്, വിമല്‍കുമാര്‍ എന്നിവര്‍ സംസാരിക്കും. ഘോഷയാത്രയോടെ ആരംഭിക്കുന്ന പരിപാടിയിൽ പ്രാദേശിക കലാകാരന്മാരുടെ ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറും.
2018-ല്‍ സമാന ചിന്താഗതിക്കാരായ ഒരുകൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച സര്‍ഗ്ഗ രാമന്തളി പരേതനായ ജീവകാരുണ്യ പ്രവര്‍ത്തകന്‍ കെ.വി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തതോടെയാണ് പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട് കുടിവെള്ള വിതരണം, ശുചീകരണം, നാലുവാര്‍ഡുകളിലായി നടത്തിയ പ്ലാസ്റ്റിക്്, കുപ്പി തുടങ്ങിയവയുടെ നിര്‍മ്മാര്‍ജനം, രോഗികള്‍ക്കുള്ള ചികിത്സാ സഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി നാടിന്റെ ഹൃദയത്തില്‍ ഇടം പിടിക്കുകയായിരുന്നു. ഇതുവരെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്ന 43 പേരുടെ ഈ കൂട്ടായ്മയുടെ ചിരകാല സ്വപ്‌നമായ സ്വന്തം കെട്ടിടമാണ് ഇരുപത് ലക്ഷത്തോളം ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു ബസ് ഷെൽട്ടർ കൂടി നിർമ്മിച്ചു നൽകുമെന്ന്
വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ ഗംഗാധരൻ കക്കോപ്രത്ത്, സജിത് കാട്ടൂർ, ടി.കെ.വിജേഷ്, സി.കെ.രാജേഷ് രാമചന്ദ്രൻ , കെ.പി. പ്രദീപ്, വിജയൻ ചൂരക്കാട്ട് എന്നിവർ അറിയിച്ചു.







