മാലിന്യ സംസ്കരണത്തിൽ വീഴ്ച : 50,000 രൂപ പിഴ ഈടാക്കി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

പഴയങ്ങാടി: മാടായി ഗ്രാമപഞ്ചായത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ മാലിന്യ സംസ്കരണത്തിൽ ഗുരുതര നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് 50,000 രൂപ പിഴ ഈടാക്കി. പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപമുള്ളതും പി വി അബൂബക്കർ, എസ് വി മുഹമ്മദ് കുഞ്ഞി എന്നിവരുടെയും മറ്റും ഉടമസ്ഥതയിലുമുള്ള പി. വി. ബിൽഡിംഗ്സിലെ ക്വാർട്ടേഴ്സിലാണ് സ്ക്വാഡ് പരിശോധന നടത്തിയത്. കാലങ്ങളായി യാതൊരു മാലിന്യ സംസ്കരണ സംവിധാനങ്ങളും ഒരുക്കാതെ പ്രദേശം മലിനപ്പെടുത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സ്കോഡ് പരിശോധന നടത്തിയത്. 30 ഓളം മുറികൾ അടങ്ങിയ
ക്വാർട്ടേഴ്സിൽ യാതൊരു മാലിന്യ സംസ്കരണ സംവിധാനങ്ങളും ഒരുക്കാതെ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയും, കത്തിക്കുകയും, ഉപയോഗശേഷമുള്ള മലിനജലം തുറസായ സ്ഥലത്തേക്ക് ഒഴുക്കിവിടുകയും ചെയ്യുന്നതായും, കെട്ടിട ഉടമസ്ഥർ യാതൊരു മാലിന്യ സംസ്കരണ നടപടികളും സ്വീകരിച്ചിട്ടില്ല എന്നും ഗ്രാമപഞ്ചായത്തിൻ്റെ മാലിന്യ സംസ്കരണ ക്രമീകരണങ്ങളോട് സഹകരിക്കാതിരിക്കുകയും ആണ് ചെയ്യുന്നതെന്നും സ്ക്വാഡ് കണ്ടെത്തി. ഉടൻ തന്നെ സമീപ പ്രദേശത്ത് തള്ളിയ മാലിന്യം നീക്കി ശാസ്ത്രീയമായി സംസ്കരിക്കുവാനും മറ്റ് ഖര ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുവാനുള്ള ക്രമീകരണങ്ങൾ കെട്ടിടത്തിൽ ഒരുക്കുവാനും സ്ക്വാഡ് കർശന നിർദ്ദേശം നൽകി. പരിശോധനയിൽ
ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ടീം ലീഡർ അഷ്റഫ് പി. പി., ടീം അംഗം ജിഷ്ണുരാജ് എം., ഗ്രാമപഞ്ചായത്ത് ക്ലർക്ക് നിധിൻ പി. എൻ, ഹെൽത്ത് ഇൻസ്പെക്ടർ അപ്രന്റീസ് സുധ എ. എന്നിവർ പങ്കെടുത്തു. പരിസര ശുചിത്വവും മാലിന്യ സംസ്കരണ നിയമങ്ങളും പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ തുടർന്നും സ്വീകരിക്കുമെന്ന് സ്ക്വാഡ് വ്യക്തമാക്കി.







