രണ്ടരപ്പവൻ മാല മോഷ്ടിച്ച കേസിൽ ഭാര്യയും പിടിയിൽ

Screenshot
കണ്ണൂർ: എളയാവൂരിൽ വീട്ടിൽ നിന്നും രണ്ടരപ്പവൻ സ്വർണമാല മോഷ്ടിച്ച കേസിൽ ഒന്നാം പ്രതി എ. ഷിനേഷിന്റെ ഭാര്യ രണ്ടാം പ്രതി ആറ്റടപ്പ സ്റ്റാർ നിവാസിൽ എം.കെ. സവിത (48)യെ ടൗൺ എസ്.ഐ വൈഷ്ണവ് രാമചന്ദ്രൻ പിടികൂടി. ഒളിവിൽ കഴിയവേ പയ്യന്നൂരിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. എളയാവൂർ സൗത്ത് വടക്കേച്ചാലിൽ ഹൗസിലെ എ. ഷിനേഷ് (33) കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ജൂൺ 8 ന് രാവിലെ 9 മണിക്കും 1 മണിക്കും ഇടയിലായിരുന്നു മോഷണം.
കീഴുത്തള്ളിയിലെ പുഷ്പ എന്ന സ്ത്രീയുടെ വീട്ടിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന മാല വീടിന്റെ മുകളിൽ വാടകക്ക് താമസിക്കുന്ന പ്രതികൾ അതിക്രമിച്ചു കയറി മോഷ്ടിച്ചെന്നാണ് കേസ്. സവിത അവിടെ വീട്ടുജോലിയും ചെയ്തിരുന്നു. മോഷ്ടിച്ച സ്വർണം ആദ്യം ബാങ്കിൽ പണയം വെക്കുകയും തുടർന്ന് കണ്ണൂരിലെ ജുവലറിയിൽ വിൽപന നടത്തുകയുമായിരുന്നു. മോഷണ മുതൽ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. എ.എസ്.ഐ ഗോപകുമാർ, ഉദ്യോഗസ്ഥരായ ലതീഷ്, വിനിൽ, പ്രവിത എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.






