കീഴ്പ്പള്ളി ചതിരൂർ നീലായിൽ കാട്ടാനക്കൂട്ടമിറങ്ങി; 300-ഓളം വാഴകൾ നശിപ്പിച്ചു, വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു

ഇരിട്ടി: ആറളം വനമേഖലയിൽ നിന്നുമിറങ്ങിയ കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി ചതിരൂർ നീലായിലിറങ്ങിയ കാട്ടാനക്കൂട്ടമാണ് മേഖലയിൽ വലിയ നാശനഷ്ടം വരുത്തിയത്.
നീലായിലെ തോമസ് കുറ്റാരപ്പള്ളിയുടെ വീട്ടുപറമ്പിലെ വിളവെടുക്കാൻ പാകമായ 300-ഓളം വാഴകൾ കാട്ടാനക്കൂട്ടം പൂർണമായും നശിപ്പിച്ചു. പുലർച്ചെ 5.30-ഓടെയാണ് വീട്ടുകാർ വിവരമറിയുന്നത്. തുടർന്ന് സമീപത്തെ വീടുകളായ ഓലക്കൽ അപ്പച്ചന്റെയും കൂറ്റനാൽ തങ്കച്ചന്റെയും പറമ്പുകളിലും ആനയെത്തി. രാവിലെ പശുത്തൊഴുത്തിലേക്ക് പോയ തങ്കച്ചനും ഭാര്യ സിന്ധുവും ആനയുടെ മുന്നിൽ പെടുകയായിരുന്നു. തിരിഞ്ഞോടുന്നതിനിടെ സിന്ധുവിന്റെ നേരെ കുതിച്ച ആന വീട്ടുമുറ്റം വരെ എത്തിയെങ്കിലും പിന്നീട് പിന്മാറിയതിനാൽ അവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാർ ഒത്തുചേർന്ന് പടക്കം പൊട്ടിച്ചും പാത്രങ്ങൾ കൊട്ടിയുമാണ് ആനയെ തുരത്തിയത്. തോമസ് കുറ്റാരപ്പള്ളിയുടെ വീട്ടുപറമ്പിലെ കയ്യാലയും ആന തകർത്തിട്ടുണ്ട്.
വനാതിർത്തിയിൽ സ്ഥാപിച്ച ഒന്നര കിലോമീറ്ററോളം വരുന്ന സോളാർ വേലി പ്രവർത്തനരഹിതമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. വിവരമറിഞ്ഞ് കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്ററുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം, വാളത്തോട് മുതൽ നീലായ് വരെ നാലര കിലോമീറ്റർ നീളത്തിൽ തൂക്കുവേലി നിർമ്മിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.







