അഴീക്കൽ ഫിഷറീസ് സ്കൂൾ വിദ്യാർഥികൾക്കായി സ്വയംപ്രതിരോധ പരിശീലനം സംഘടിപ്പിച്ചു

Screenshot
അഴീക്കൽ: കണ്ണൂർ അഴീക്കൽ ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി സ്വയംപ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ സ്നേഹിതാ ജെൻഡർ ഹെൽപ്പ് ഡെസ്ക്, അഴീക്കോട് ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്., ജെൻഡർ റിസോഴ്‌സ് സെന്റർ എന്നിവ കണ്ണൂർ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.
വിദ്യാർഥികളിൽ ആത്മവിശ്വാസവും സുരക്ഷാബോധവും വളർത്തുന്നതിനും, അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രായോഗിക നൈപുണികൾ വികസിപ്പിക്കുന്നതിനുമാണ് പരിശീലനം സംഘടിപ്പിച്ചത്. സ്കൂൾ പ്രഥമാധ്യാപിക കെ.വി. ജീന പരിപാടി ഉദ്ഘാടനം ചെയ്തു. കണ്ണൂർ സിറ്റി പോലീസ് ജനമൈത്രി അഡീഷണൽ നോഡൽ ഓഫീസർ സി. വിജേഷ്, സി.പി.ഒമാരായ പ്രജിൻ, റാണിപ്രിയ, രേഷ്മ, പ്രമിത, ശിജില, ജസീന എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. അഴീക്കോട് കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്‌സൺ ബീനകുമാരി ചടങ്ങിൽ സംസാരിച്ചു.







