തലശ്ശേരിയിൽ ഇ-സിഗരറ്റ് വേട്ട; രണ്ട് ലക്ഷം രൂപയുടെ ശേഖരം പിടികൂടി

Screenshot
തലശ്ശേരി: നഗരത്തിലെ കടയിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ നിരോധിത ഇ-സിഗരറ്റ് ശേഖരം പിടികൂടി. തലശ്ശേരിയിലെ ‘സൂക്ക് ഡ്യൂട്ടി ഫ്രീ’ ഷോപ്പിൽ നടത്തിയ റെയ്ഡിലാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്. രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഇ-സിഗരറ്റുകളും നിക്കോട്ടിൻ ബോട്ടിലുകളുമാണ് തലശ്ശേരി ടൗൺ പോലീസ് പിടിച്ചെടുത്തത്.
‘ഓപ്പറേഷൻ തൂഫാൻ’ എന്ന ലഹരിവിരുദ്ധ പദ്ധതിയുടെ ഭാഗമായാണ് പോലീസ് പരിശോധന നടത്തിയത്. സംഭവത്തിൽ കട ഉടമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടാഴ്ച മുൻപ് കണ്ണൂർ നഗരത്തിലും സമാനമായ രീതിയിൽ ഇ-സിഗരറ്റ് ശേഖരം പോലീസ് പിടികൂടിയിരുന്നു.
വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇത്തരം ലഹരി ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് വലിയ സാമൂഹിക ഭീഷണിയാണെന്ന് പോലീസ് വിലയിരുത്തുന്നു. വരും ദിവസങ്ങളിലും നഗരപ്രദേശങ്ങളിൽ റെയ്ഡുകൾ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.









